Fri. Nov 22nd, 2024
നീലേശ്വരം:

നിരോധിത വലയായ ഡബിൾ നെറ്റ് ഉപയോഗിച്ച് രാത്രി മീൻപിടിക്കാനിറങ്ങിയ കർണാടക ബോട്ട് ഒന്നര മണിക്കൂറോളം പിന്തുടർന്ന് പിടികൂടി. ഫിഷറീസ് അസി ഡയറക്ടർ കെ വി സുരേന്ദ്രന്റെ നേതൃത്വത്തിൽ നീലേശ്വരം, തളങ്കര, ഷിറിയ തീരദേശ പൊലീസ് നടത്തിയ പട്രോളിങ്ങിലാണ് മംഗളൂരു സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചിരാഗ് എന്ന ബോട്ട് പിടിയിലായത്. ചൊവ്വാഴ്ച രാത്രി വൈകി കാഞ്ഞങ്ങാടിനു 4 കിലോമീറ്റർ പടിഞ്ഞാറാണ് ബോട്ട് പിടിയിലായത്. വല മുറിച്ചു വിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിട്ടില്ല.

ഫിഷറീസ്, പൊലീസ് സംഘം സഞ്ചരിച്ച ഫിഷറീസ് രക്ഷാബോട്ട് അപകടപ്പെടുത്താനും ശ്രമം നടന്നു. ബോട്ട് പിടികൂടി നീലേശ്വരം അഴിത്തലയിലെത്തിച്ചു. ബോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഫിഷറീസ് ഡിഡി അറിയിച്ചു.

തീരദേശ പൊലീസ് എസ്ഐ, ഗോപാലകൃഷ്ണൻ, എഎസ്ഐ, എം ടി പി സെയ്ഫുദ്ദീൻ, പ്രദീപ് കുമാർ, നജേഷ്, സുഭാഷ്, കോസ്റ്റൽ വാർഡൻ രൂപേഷ്, അനുകേത്, ജിനീഷ്, ഫിഷറീസ് റെസ്ക്യൂ ഗാർഡ് പി മനു, ഒ ധനീഷ്, കെ സേതുമാധവൻ, ശിവകുമാർ, ഡ്രൈവർ നാരായണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

∙ കരയോട് ചേർന്നു മീൻപിടിച്ച മറ്റൊരു ബോട്ടും ഫിഷറീസ് പിടികൂടി. ഈ ബോട്ട് ഫിഷറീസിന്റെ കസ്റ്റഡിയിലാണ്. വിട്ടുകൊടുത്തിട്ടില്ല. ഫിഷറീസ് ഓഫിസർ ജിജോമോന്റെ നേതൃത്വത്തിലാണ് ബോട്ട് പിടികൂടിയത്.