Thu. Jan 23rd, 2025

കുന്നംകുളം ∙

തുറക്കുളം മത്സ്യമാർക്കറ്റിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് സമീപത്തെ പഴയ മാർക്കറ്റിലേക്ക് മത്സ്യ ലേലം മാറ്റാൻ‍ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വാഹന ഗതാഗതത്തിന് ഇവിടെയുള്ള സ്ഥല പരിമിതി പരിഹരിക്കുന്നതിന് അറവുശാലയ്ക്ക് നൽകിയ സ്ഥലം അനുവദിക്കും.

വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തിയ നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ച പ്രതിപക്ഷം ഒന്നടങ്കം നഗരസഭ മുറ്റത്ത് സമാന്തര കൗൺസിൽ യോഗം ചേർന്നു. ട്രിപ്പിൾ ലോക്ഡൗൺ നില നിൽക്കുമ്പോൾ നഗരസഭാ കാര്യാലയത്തിൽ ചേർന്ന കഴിഞ്ഞ കൗൺസിൽ യോഗം സിപിഎം, ബിജെപി അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചിരുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ ഉണ്ടായ സംഭവം വൻ വിമർശനത്തിന് വഴിവച്ച സാഹചര്യത്തിലാണ് ഇന്നലെ ഓൺലൈൻ വഴി യോഗം നടത്തിയത്. മരാമത്ത് വകുപ്പിന്റെ കെട്ടിടത്തിൽ നിന്ന് കൃഷിഭവൻ നടുപ്പന്തിയിലെ പഴയ ആയുർവേദ ആശുപത്രിയിലേക്ക് മാറ്റാൻ യോഗം തീരുമാനിച്ചു. മരാമത്ത് വകുപ്പിന് പുതിയ ഓഫിസ് കെട്ടിടം പണിയുന്നതിനാണ് കൃഷിഭവൻ മാറ്റുന്നത്.

നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷയായി. കോൺഗ്രസ്, ബിജെപി, ആർഎംപി അംഗങ്ങളാണ് കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്ന് പ്രതീകാത്മക യോഗം ചേർന്നത്. ഭൂരിപക്ഷമില്ലാത്ത ഭരണസമിതി പ്രതിപക്ഷത്തെ ഭയപ്പെട്ടാണ് ഓൺലൈൻ വഴി കൗൺസിൽ യോഗം നടത്തുന്നതെന്ന് ആരോപിച്ചാണ് ഇവർ യോഗം ബഹിഷ്കരിച്ചത്.

ജനങ്ങളുടെ ആവശ്യങ്ങൾ പറയാൻ വേദി ഇല്ലെന്നും ഭൂരിപക്ഷമില്ലാതെ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പാസാക്കിയ അജൻഡകൾ വീണ്ടും യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതായും ആരോപിച്ചു.

സമാന്തര കൗൺസിൽ യോഗത്തിൽ സീറോ അവർ ആവിഷ്കരിച്ച് അംഗങ്ങൾ സംസാരിക്കുകയും അജൻഡ കീറി എറിയുകയും ചെയ്തു. കക്ഷി നേതാക്കളായ കെകെ മുരളി, ബിജു സി ബേബി, ബീന രവി എന്നിവർ നേതൃത്വം നൽകി.

By Rathi N