Fri. Nov 22nd, 2024
അഞ്ചൽ:

സൂര്യന്‌ അഭിമുഖമായി വിടർന്ന്‌ പുഞ്ചിരിച്ചുനിൽക്കുന്ന സൂര്യകാന്തികൾ. ആരായാലും ഒരു ഫോട്ടോ എടുക്കാതെ മടങ്ങില്ല. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ കാര്യമല്ല പറയുന്നത്‌. ഏരൂർ സർവീസ് സഹകരണബാങ്ക് കെട്ടിടത്തിന്റെ ടെറസിലാണ്‌ സൂര്യകാന്തികൾ ഈ മനോഹര ദൃശ്യം സമ്മാനിക്കുന്നത്.

ബാങ്ക് ഭരണസമിതിയും ജീവനക്കാരും കഴിഞ്ഞവർഷം ഏരൂർ നെട്ടയം സൗപർണിക സ്വാശ്രയ സംഘവുമായി ചേർന്ന് ആർച്ചൽ ഏലായിൽ 50 സെന്റ് നിലത്ത്‌ ചെണ്ടുമല്ലിയും പച്ചക്കറിയും കൃഷിയിറക്കിയിരുന്നു. ഈ വർഷം വയലിൽ വെള്ളക്കെട്ട് ആയതിനാൽ ഏരൂർ ജങ്ഷനിലെ ബാങ്ക് കെട്ടിടത്തിന്റെ ടെറസിലും ബാങ്ക് കെട്ടിടത്തോടു ചേർന്ന പുരയിടത്തിലുമായി കൃഷി ഇറക്കുകയായിരുന്നു.

കഴിഞ്ഞ തവണ തമിഴ്നാട്ടിൽനിന്ന് വിത്ത് കൊണ്ടുവന്നായിരുന്നു കൃഷി. ഇക്കുറി ഇവിടുത്തെ വിത്തുകൾ ശേഖരിച്ചായിരുന്നു കൃഷി. കഴിഞ്ഞവർഷം ഓണത്തിന്‌ ലോക്ഡൗണിനെ തുടർന്ന് തമിഴ്നാട്ടിൽനിന്ന് പൂക്കളുടെ വരവ് കുറവായിരുന്നു. അതിനാൽ കൃഷിയിറക്കിയ പൂക്കൾക്ക്‌ ആവശ്യക്കാരും ഏറെയായിരുന്നു.

സൂര്യകാന്തിയുടെ വിത്തിനും തൈക്കും ആവശ്യക്കാരേറെയുണ്ട്‌. സൂര്യകാന്തിക്ക്‌ പുറമേ ഔഷധ സസ്യങ്ങളും ഇവിടെ സുലഭം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 108 ഔഷധ സസ്യങ്ങളുടെ കലവറയായി മാറിക്കഴിഞ്ഞു ബാങ്കും പരിസരവും.

വരും വർഷം കൂടുതൽ സ്ഥലത്തേക്ക്‌ കൃഷി വ്യാപിപ്പിക്കുമെന്ന്‌ പ്രസിഡന്റ് സെയ്ഫുദീൻ പൂക്കുട്ടി, സെക്രട്ടറി ശ്രീലത, കൃഷിയുടെ ചുമതല വഹിക്കുന്ന ബാങ്ക് ഡയറക്ടർ ബോർഡ്അംഗം എൻ കെ രമേശൻ എന്നിവർ പറഞ്ഞു.

By Divya