Reading Time: 2 minutes

ഈ ബുൾജെറ്റ് പോലുള്ള മൂത്തുപോയ ശിശുസ്വഭാവികൾ ഉണ്ടാകുന്നതിൻറെ സാമൂഹ്യ-രാഷ്ട്രീയസാഹചര്യവും മനഃശാസ്ത്രപശ്ചാത്തലവുമാണ് പഠിക്കേണ്ടതെന്ന് ഡോ: ദേവിക ജെ ഫേസ് ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:-

ഈ ബുൾജെറ്റ് പോലുള്ള മൂത്തുപോയ ശിശുസ്വഭാവികൾ ഉണ്ടാകുന്നതിൻറെ സാമൂഹ്യ-രാഷ്ട്രീയസാഹചര്യവും മനഃശാസ്ത്രപശ്ചാത്തലവുമാണ് പഠിക്കേണ്ടത്. വണ്ടിയിൽ ചായമടിച്ച് കൊണ്ടുനടക്കുന്ന ഇടപാടൊക്കെ ഇവിടെ സാധാരണമാണ്, അതല്ല ശ്രദ്ധേയമായ വിഷയം.

വളർച്ചയെത്തിയ ശരീരങ്ങളിൽ (വളർന്ന ശരീരത്തിൻറെ എല്ലാ ആവശ്യങ്ങളും പ്രത്യക്ഷമാകുന്ന ശരീരങ്ങളിൽ) വെറും ശിശുനിലവാരമുള്ള ധാർമികബോധവും വിവരമില്ലായ്മയും പെരുമാറ്റരീതികളും കൊണ്ടുനടക്കുന്ന മനുഷ്യരുടെ എണ്ണം പൊതുവേ വളരുകയല്ലേ എന്നാണ് എൻറെ സംശയം. ഇത്തരം വ്ളോഗർമാർ ആ കൂട്ടത്തിലെ പ്രമുഖരും ആ പ്രതിഭാസത്തെ വച്ച് കാശുണ്ടാക്കുന്നവരുമാണ് — ഈ പ്രതിഭാസം പക്ഷേ ഇവരിൽ മാത്രം ഒതുങ്ങുന്നതാവാനിടയില്ല.

ഭരണകൂടത്തെ രാഷ്ട്രീയമായി വെല്ലുവിളിക്കുകയൊന്നുമല്ല, ഇവർ. മറിച്ച് കുട്ടികളുടെ ദുർബലമായ പ്രതിരോധങ്ങൾക്കു സമാനമായി ഭരണകൂടത്തിൻറെ കണ്ണുവെട്ടിച്ച് എന്തെങ്കിലുമൊക്കെ ചെയ്യുക, മറ്റു മനുഷ്യർക്ക് ഹാനികരമായ കാര്യങ്ങളെ നിഷ്ക്കളങ്കമാംവിധം ചെയ്യുക, സാമൂഹ്യ മുഖ്യധാരയുടെ പലതരം അധികാരപൂർണമുൻവിധികളെ ( സ്ത്രീവിരുദ്ധതയടക്കം) നിർദ്ദോഷമെന്നോണം പുനഃസ്ഥാപിക്കുക — ഇതെല്ലാമാണ് ശിശുവത്ക്കരിക്കപ്പെട്ട വിഷയികളുടെ ചെയ്തികൾ. ഈ ചെയ്തികളെ കാശാക്കി മാറ്റാനുള്ള സാദ്ധ്യതയാണ് യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങൾ തുറന്നിടുന്നത്. മുതിരാത്ത നിത്യകുട്ടികളെ ഭരണകൂടം അടിച്ചൊതുക്കുക തന്നെ ചെയ്യും. അതിൽ അത്ഭുതപ്പെടാനില്ല.

ഭരണകൂടം കൂടുതൽക്കൂടുതൽ പിതൃസ്ഥാനം കൈയാളുന്നതിനനുസരിച്ച് ഈ പ്രവണചത കൂടുകയേ ഉള്ളൂ എന്നാണ് എൻറെ തോന്നൽ. പിണറായി വിജയനായാലും മോഡിയായാലും ജനങ്ങൾ തെരെഞ്ഞെടുത്ത നേതാവായല്ല, കുടുംബാധികാരം കൈയാളുന്ന പിതാവായാണ് സ്വയം ചമയുന്നത്. വിജയൻ ഒരുകാലത്ത് (2018ൽ) സംരക്ഷക വേഷമാണ് അണിഞ്ഞതെങ്കിൽ ഇന്ന് അത് ശരിക്കും മാറിവരുന്നുണ്ട്. ശിക്ഷാധികാരമുള്ള, തല്ലിനെ ന്യായീകരിക്കുന്ന പിതാവായാണ് ഇദ്ദേഹം ഇപ്പോൾ സ്വയം പ്രകടിപ്പിക്കുന്നത്.

ഇപ്പറഞ്ഞ സംഭവത്തിന് പിണറായിയുടെ പിതാവുകളിയുമായി നേരിട്ടു ബന്ധമില്ലായിരിക്കാം. പക്ഷേ ഭരണകൂടസ്വഭാവം മാറുന്നതനുസരിച്ച് ഭരണവിഷയികളുടെ സ്വഭാവവും മാറും, തീർചയായിട്ടും. ഇങ്ങനെ കേവലം ഉപഭോഗം മാത്രം അറിയുന്ന മുതിർന്ന ശിശുവായ വിഷയിയെ നിലയ്ക്കു നിർത്താൻ എളുപ്പവുമാണ്. അങ്ങനെ നോക്കിയാൽ പിതൃരൂപത്തെ കേന്ദ്രീകരിക്കുന്ന പുതിയ ഭരണകൂടസംവിധാനത്തിന് ഇത്തരം വിഷയികളെയാണ് ആവശ്യം.

സാമൂഹ്യമാദ്ധ്യമങ്ങളിൽ വിശാല ജനാധിപത്യത്തിന് ഉതകുന്ന രാഷ്ട്രീയവിദ്യാഭ്യാസം നടക്കരുത് എന്ന കൃത്യമായ ലക്ഷ്യത്തോടെ കൂവി നടക്കുന്ന കൂവാലസംഘങ്ങളുടെയും ഉദ്ദേശ്യം അന്തിമവിശകലനത്തിൽ ഇതു തന്നെയാണ്. ആ കൂവാലസംഘത്തിലെ അംഗങ്ങളായിരുന്ന പലരും, അവരോടൊപ്പം ചേർന്ന വിരവാദിനികളിൽ പലരും ഈ ബുൾജെറ്റർമാരെ കണ്ടമാനം ചീത്തപറഞ്ഞു കണ്ടു. ആ പറച്ചിലിൽ ഉടനീളം ഈ കീടങ്ങളെക്കാൾ എത്രയോ ഉയരത്തിലിരിക്കുന്ന ഞങ്ങൾക്ക് ഇവയെ ചവിട്ടിയരയ്ക്കാൻ അവകാശമുണ്ട് എന്ന ഹുങ്ക് നേരിട്ടുതന്നെ പ്രകടമാണ്.

സൂക്ഷിച്ചില്ലെങ്കിൽ ഈ വൃത്തികേടിനെ ഇനിയും കാണേണ്ടിവരും എന്നു മാത്രമല്ല, ഇതാവും നമ്മുടെ ജനാധിപത്യത്തിൻറെ കോലം — പിതൃഅധികാരികളെ തെരെഞ്ഞെടുക്കുന്ന നിത്യശിശുക്കളുടെ രാജ്യം. ആരു തരും കൂടുതൽ മിഠായി എന്നതായിരിക്കും തെരെഞ്ഞെടുപ്പിലെ നിർണായകചോദ്യം. മിഠായി തന്നില്ലെങ്കിൽ മൂലയ്ക്കിരുന്നു വാശിപിടിച്ചു കരയാനോ, വല്ലതും വലിച്ചെറിഞ്ഞു നശിപ്പിച്ചു സങ്കടം തീർക്കാനോ അതുമല്ലെങ്കിൽ കട്ടുതിന്നാനോ മാത്രമറിയുന്ന ജനം.

https://www.facebook.com/100022655571093/posts/1015781285853714/?d=n

Advertisement