Mon. Dec 23rd, 2024

പള്ളുരുത്തി∙

പശ്ചിമ കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ പള്ളുരുത്തിയിലെ വോക് വേ തകർന്നിട്ടു വർഷങ്ങൾ പിന്നിടുന്നു. അഗതി മന്ദിരത്തിനു മുന്നിൽ നിന്നാരംഭിച്ചു പള്ളുരുത്തി നടയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം അവസാനിക്കുന്ന പടിഞ്ഞാറു ഭാഗത്തുള്ള നടപ്പാതയാണു ടൈലുകൾ ഇളകി തകർന്നു നടക്കാൻ കഴിയാത്ത സ്ഥിതിയിലായത്.

2008-ൽ നിർമിച്ച വോക് വേ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. കൂറ്റൻ തണൽ മരങ്ങൾക്കിടയിലൂടെയാണു വോക് വേ നിർമിച്ചിരിക്കുന്നത്. ഇവയുടെ വേരുകൾ വളർന്നു കയറിയതോടെ പല ഭാഗത്തും ടൈലുകൾ തകർന്നു. പലയിടത്തും വേരുകൾ പുറത്തുവന്നു.

ഇതുമൂലം, കാൽനടയാത്രികർ പ്രധാന റോഡിലൂടെയാണു നടക്കുന്നത്. ഇതു റോഡിൽ തിരക്കേറാനും അപകടങ്ങൾക്കും കാരണമാകുന്നു. രാത്രി പരിചയമില്ലാത്തവർ ഇതിലൂടെ സഞ്ചരിച്ചാൽ തട്ടിവീഴുമെന്ന കാര്യം ഉറപ്പാണ്.

പള്ളുരുത്തി വെളിയിലെ വോക് വേയുടെ അവസ്ഥ ദയനീയമാണ്. ഇവിടെയാണ് ഉടൻ അറ്റകുറ്റപ്പണി നടത്തേണ്ടത്. മാത്രമല്ല, വഴിയോര കച്ചവടക്കാരും തട്ടുകടക്കാരും വോക് വേ കയ്യേറി ഷെഡ് കെട്ടിയിട്ടുണ്ട്.

കയ്യേറ്റം ഒഴിവാക്കിയും അറ്റകുറ്റപ്പണി നടത്തിയും വോക് വേ സംരക്ഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. പള്ളുരുത്തി അഗതി മന്ദിരം മുതൽ സുറിയാനി പള്ളി വരെയായിരുന്നു വോക് വേയുടെ രൂപരേഖ. പിന്നീടത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വരെയായി ചുരുക്കി.

പള്ളുരുത്തി നടയിൽ വ്യാപാരസ്ഥാപനങ്ങൾ ഉള്ളതിനാൽ വോക് വേ നിർമിക്കാനുള്ള സ്ഥലമില്ലായിരുന്നു. വ്യാപാരികൾക്കു മറ്റു സൗകര്യങ്ങൾ ഒരുക്കി, വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചു വോക് വേ നിർമിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. സാങ്കേതിക പ്രശ്നങ്ങൾ മൂലം അതു നിലച്ചു.

By Rathi N