Mon. Dec 23rd, 2024
രാജകുമാരി:

രാജകുമാരിയിലെ പൊതുശ്മശാനത്തിനു സമീപം മത്സ്യക്കുളം നിർമിച്ചതിൽ വിവാദം. കെഎസ്ഇബി സെക്‌ഷൻ ഓഫിസിനു സ്ഥലം അനുവദിച്ച ദേവമാതാ പള്ളിക്കു സമീപമാണു പൊതുശ്മശാനം സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപാണ് ഇവിടെ പൊതുശ്മശാനത്തിനു വേണ്ടി രണ്ടേക്കറോളം ഭൂമി പഞ്ചായത്ത് വാങ്ങിയത്. പൊതുശ്മശാനം നിലവിൽ ഉപയോഗിക്കുന്നതുമാണ്.

ഈ ഭൂമിയിൽ പത്തു സെന്റിലധികം സ്ഥലത്ത് മത്സ്യക്കുളം നിർമിച്ചതിൽ വലിയ ക്രമക്കേടുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു. പൊതുശ്മശാനത്തോടു ചേർന്നുള്ള ഭൂമി കൃഷിക്കു നൽകാറുണ്ടെങ്കിലും കുളം നിർമിക്കുന്നതിനു നിയമപരമായി അനുമതിയില്ലെന്നാണു കോൺഗ്രസ് നേതാക്കൾ പറയുന്നത്.

പഞ്ചായത്ത് അധികൃതരുമായി ബന്ധമുള്ള സ്വകാര്യ വ്യക്തിക്കു കുളം നിർമിക്കാൻ ഭൂമി വിട്ടുനൽകിയതു മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണു ഭൂമി വിട്ടുനൽകിയതെന്നും കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണു പഞ്ചായത്ത് ഭരണം കയ്യാളുന്ന എൽഡിഎഫിന്റെ വാദം.

TAGS:

By Divya