Fri. Nov 22nd, 2024
കാസർകോട്‌:

ഉക്കിനടുക്കയിലെ കാസർകോട്‌ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ കിഫ്‌ബി വഴി 160.23 കോടി രൂപ അനുവദിച്ചു. നിർമാണം നടക്കുന്ന ആശുപത്രി ബ്ലോക്കിൽ ചികിത്സാ സംവിധാനങ്ങളൊരുക്കുന്നതിന്‌ 23.85 കോടി ലഭിക്കും. താമസ സൗകര്യത്തിന്‌ 76.24 കോടി, ആൺകുട്ടികളുടെ ഹോസ്‌റ്റൽ നിർമാണത്തിന്‌ 20.09 കോടി, പെൺകുട്ടികളുടെതിന്‌ 7.34 കോടി, ജീവനക്കാരുടെ ക്വാട്ടേഴ്‌സിന്‌ 12.35 കോടി, അധ്യാപകരുടെ ക്വാട്ടേഴ്‌സിന്‌ 4.32 കോടി എന്നിങ്ങനെയാണ്‌ അനുവദിച്ച തുക.

റോഡ്‌, മലിനജല സംവിധാനം, പാർക്കിങ് മേഖല എന്നിവക്ക്‌ 11.15 കോടി, ചുറ്റുമതിൽ, കവാടം, മൈതാനത്ത്‌ ഗാലറി എന്നിവക്കായി 2.59 കോടി, ജലവിതരണ സംവിധാനത്തിന്‌ 5.62 കോടി എന്നിങ്ങനെയും തുക നീക്കിവച്ചു. മെഡിക്കൽ ഉപകരണങ്ങൾക്കായി 47.10 കോടിയുമുണ്ട്‌. ഒഡിറ്റോറിയം, ലൈബ്രറി, സബ്‌സ്‌റ്റേഷൻ, മൈതാനം, അകത്തുള്ള റോഡുകൾ തുടങ്ങിയവക്കായി 9.78 കോടിയുണ്ട്‌.

നിർമാണം നടക്കുന്ന ആശുപത്രി കെട്ടിടം ആറു മാസത്തിനകം പുർത്തിയാകും. 540 കിടക്കകളുള്ളതാണ്‌ ആശുപത്രി ബ്ലോക്ക്‌.
കാസർകോട്‌ വികസന പാക്കേജിൽ നിന്ന് ഡോക്ടർമാരുടെയും പെൺകുട്ടികളുടെയും താമസ സൗകര്യത്തിനായി 30 കോടി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

എട്ടു കോടി രൂപ ചിലവിലുള്ള കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. ഷിറിയ പുഴയിലെ അടുക്കസ്ഥലയിൽ ആറ്‌ കോടി ചെലവിട്ട്‌ തടയണ നിർമിച്ചു. രണ്ട്‌ കോടി ചെലവിട്ടുള്ള പൈപ്പ്‌ ലൈൻ പ്രവൃത്തിയാണ്‌ നടക്കുന്നത്‌.

കോളേജ്‌ ക്യാമ്പസിൽ 20 മീറ്റർ ഉയരത്തിൽ അഞ്ച്‌ ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക്‌ നിർമിക്കും. 20 കോടി രൂപ ചെലവിട്ടുള്ള സമീപ റോഡുകളുടെ നിർമാണം നടക്കുന്നു. ഇതിൽ 10 കോടിയുടെ ഏൽക്കാന ഉക്കിനടുക്ക റോഡ്‌ പൂത്തിയായി. 10 കോടിയുടെ മുണ്ട്യത്തടുക്ക പുത്തിഗെ റോഡ്‌ നിർമാണം തുടങ്ങി.