Mon. Dec 23rd, 2024

ചിറ്റിലഞ്ചേരി∙

പൈപ്പ് ലൈനിടാനായി വെട്ടിയ ചാൽ ക്വാറി അവശിഷ്ടങ്ങളും മെറ്റലും ഇട്ട് മൂടിയെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും അവിടെ കുഴി രൂപപ്പെട്ടു. ഇതോടെ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കല്ലത്താണി, പള്ളിക്കാട് ഭാഗങ്ങളിലൂടെയുള്ള യാത്ര ദുരിതമാകുന്നു.

പൊതുമരാമത്ത് ആലത്തൂർ ഡിവിഷനു കീഴിലുള്ള പ്രദേശങ്ങളിലാണ് യാത്രക്കാർ ഈ ദുരിതം അനുഭവിക്കുന്നത്. പാതയിലെ കടമ്പിടി മുതൽ ഗോവിന്ദാപുരം വരെയും മുടപ്പല്ലൂർ മുതൽ മംഗലം വരെയും ഉള്ള ഭാഗങ്ങൾ ടാർ ചെയ്തിരുന്നുവെങ്കിലും അതിനിടയിലുള്ള ഉരിയരിക്കുടം മുതൽ കാത്താംപൊറ്റ വരെയുള്ള ഭാഗങ്ങൾ ടാർ ചെയ്തിരുന്നില്ല.

ഇതോടെ ഇവിടങ്ങളിൽ റോഡ് തകർച്ചയും പതിവായി. ഇതിനിടയിലാണ് കൂനിൻമേൽ കുരുവെന്ന പോലെ പോത്തുണ്ടി പൈപ്പ് ലൈൻ ഇടാനായി പലയിടത്തും റോഡിന് കുറുകെ ചാലു കീറേണ്ടിയും വന്നത്.

പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടിയെങ്കിലും മഴയിൽ മണ്ണ് താഴ്ന്ന് വലിയ കുഴികൾ രൂപപ്പെട്ടു. ഇവിടങ്ങളിൽ അപകടം പതിവായതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതരെത്തി കനത്ത മഴ പെയ്യുന്നതിനിടെ ക്വാറി അവശിഷ്ടങ്ങൾ കുഴിയിലിട്ട് മടങ്ങി.

അവർ പോയതിനു പിറകെ വീണ്ടും കുഴി രൂപപ്പെട്ടു. നാട്ടുകാരുടെ പരാതി ഏറിയതോടെ വീണ്ടും കുഴിയിൽ മെറ്റലിട്ട് മൂടി. എന്നാൽ ദിനംപ്രതി പതിനായിരക്കണക്കിനു വാഹനങ്ങൾ ഇതിലൂടെ കയറിയിറങ്ങിയതോടെ മെറ്റലുകൾ ഇളകി വീണ്ടും കുഴി രൂപപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ ഇരുചക്ര വാഹനയാത്രക്കാരാണു പള്ളിക്കാട്ടെ കുഴിയിൽ വീണ് അപകടത്തിൽ പെട്ടത്. മെറ്റലുകൾക്ക് മുകളിൽ ടാർ ചെയ്തിരുന്നുവെങ്കിൽ ഇത്രയും പെട്ടെന്ന് റോഡ് തകരില്ലെന്ന് നാട്ടുകാർ പറയുന്നു. അധികൃതർ ഉടൻ നടപടിയെടുക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

By Rathi N