Thu. Jan 23rd, 2025

ഒറ്റപ്പാലം∙

രണ്ടു പതിറ്റാണ്ടു മുന്നിൽക്കണ്ടുള്ള നഗര വികസനത്തിനു മാസ്റ്റർ പ്ലാൻ. നഗരാസൂത്രണത്തിനു നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) തയാറാക്കിയ കരടു പ്ലാനിനു സംസ്ഥാന സർക്കാരിന്റെ അംഗീകാരം.

റോഡുകളുടെ വികസനം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെട്ടതാണു പ്ലാൻ. പൊതുശുചിമുറികൾ, പാർക്കിങ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശങ്ങളും പ്ലാനിലുണ്ട്.

വാണിജ്യ, വ്യവസായ, കാർഷിക, ജനവാസ മേഖലകളാക്കി തിരിച്ചു നഗരവികസനം നടപ്പാക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെട്ടതാണു പ്ലാനെന്നു നഗരസഭാ ചെയർപഴ്സൻ കെ ജാനകീദേവി, ഉപാധ്യക്ഷൻ കെ രാജേഷ് എന്നിവർ അറിയിച്ചു.

2013–14 കാലത്തു നാറ്റ്പാക്കിലെ വിദഗ്ധ സംഘം നേരിട്ടു സന്ദർശിച്ചു വിലയിരുത്തിയ ശേഷം തയാറാക്കിയതാണു പ്ലാൻ. ജില്ലാ നഗരാസൂത്രണ വിഭാഗം പരിശോധിച്ചു ഭേദഗതി വരുത്തിയ പ്ലാനാണു സംസ്ഥാന സർക്കാരിനു വിട്ടത്.

പ്ലാൻ അടുത്ത ദിവസം നഗരസഭാ കൗൺസിൽ യോഗം പരിഗണിക്കും. യോഗത്തിനു ശേഷം കരടു പ്ലാൻ നഗരസഭ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും 60 ദിവസത്തിനകം നഗരസഭയെ രേഖാമൂലം അറിയിക്കാം.

By Rathi N