കാക്കനാട്:
ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷനൽ ഓഫിസിൽ റവന്യൂ വകുപ്പ് നടത്തുന്ന സമ്പൂർണ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. ഇൻസ്പെക്ഷൻ വിഭാഗം സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധന.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയും അഴിമതി ആരോപണമുയരുകയും ചെയ്ത സാഹചര്യത്തിൽ മൂന്ന് പേരൊഴികെയുള്ള മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പരിശോധന. ഇൻസ്പെക്ഷൻ സൂപ്രണ്ട് ഷംസുദ്ദീന്റെ നേതൃത്വത്തിൽ എട്ടംഗ പ്രത്യേക സംഘമാണ് ആർഡി ഓഫിസിലെ രേഖകൾ പരിശോധിക്കുന്നത്.
നാല് ജൂനിയർ സൂപ്രണ്ടുമാരും ക്ലർക്കുമാണ് സംഘത്തിലുള്ളത്. വിവിധ ടീമുകളായി തിരിഞ്ഞ് കെട്ടിക്കിടക്കുന്ന ഫയലുകൾ, തീർപ്പാക്കാൻ വൈകിയവ, ഓഫിസിൽ നടന്ന പണമിടപാടുകൾ തുടങ്ങി മുഴുവൻ രേഖകളും പരിശോധിക്കാനാണ് തീരുമാനം.
പരിശോധനയുടെ വിശദമായ റിപ്പോർട്ട് ശനിയാഴ്ചയോടെ കലക്ടർക്ക് സമർപ്പിക്കാനാണ് തീരുമാനം. ജില്ലയിലെ രണ്ട് ആർഡി ഓഫിസുകളായ ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
അതിന് പിന്നാലെയാണ് പരിശോധന ആരംഭിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇവിടെ കൂട്ട സ്ഥലംമാറ്റമുണ്ടുയത്. ആകെയുള്ള 26 പേരിൽ 24 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.