കാട്ടാക്കട:
കോവിഡ് കാലത്ത് സ്വകാര്യ സ്കൂളുകളിലെ ഓൺലൈൻ പഠനത്തിന് കനത്ത ഫീസ് ഈടാക്കുന്നതായി പരാതി. നിത്യചെലവിനുപോലും ഗതിയില്ലാതെ ജനം വലയുമ്പോഴാണ് ഫീസിനത്തില്‍ സ്വകാര്യ സ്കൂളുകള്‍ രക്ഷാകർത്താക്കളെ കൊള്ളയടിക്കുന്നത്. എല്‍ കെ ജി മുതല്‍ പ്ലസ് ടു തലംവരെ ക്ലാസുകള്‍ നടത്തുന്ന ഒരുപറ്റം സ്വകാര്യ സ്കൂളുകളാണ് കനത്ത ഫീസ് ഈടാക്കുന്നത്.
പ്രതിമാസം 2000 മുതല്‍ 6000 രൂപവരെയാണ് പല സ്കൂളുകളും ഈടാക്കുന്നത്. ട്യൂഷന്‍ ഫീസിന് പുറമെ ഡിജിറ്റല്‍ ഫീസ്, സ്പെഷല്‍ ഫീസ്, കരിക്കുലം ഫീസ് എന്നീ പേരുകളിലാണ് ഇപ്പോള്‍ മാസംതോറും പണമീടാക്കുന്നത്. ഓരോമാസവും ആദ്യദിവസം തന്നെ ഫീസ് നല്‍കാനുള്ള അറിയിപ്പ് നല്‍കും.
ഒരാഴ്ച പിന്നിട്ടാല്‍ ഫീസ് അടയ്ക്കാത്ത വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിഷേധിക്കുന്ന സ്കൂളുകളുമുണ്ട്. സംസ്ഥാനം മുഴുവനും സ്കൂളുകളുള്ള സ്ഥാപനങ്ങള്‍പോലും കനത്ത ഫീസാണ് ഈടാക്കുന്നതെന്ന് രക്ഷാകർത്താക്കള്‍ പറയുന്നു. അധ്യയനം ഓണ്‍ലൈന്‍വഴിയായതോടെ നെറ്റ് കണക്ഷനായി പ്രതിമാസം അഞ്ഞൂറിലേറെ രൂപയാണ് വിദ്യാർഥികള്‍ക്കായി ചെലവാക്കുന്നതെന്ന് രക്ഷാകർത്താക്കള്‍ പറയുന്നു.
ഒരുവശത്ത് നെറ്റ് കണക്ഷനുകളിലും മറുവശത്ത്, ക്ലാസ് നടത്തുന്ന സ്വകാര്യ ടൂഷന്‍ കേന്ദ്രം മുതല്‍ സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രംവരെ തട്ടിപ്പ് നടത്തി രക്ഷാകർത്താക്കളെ പിഴിയുന്നു. പാഠ്യവിഷയങ്ങൾ റെക്കോഡ് ചെയ്ത് വാട്സ്ആപ് വഴി കൈമാറുന്ന ട്യൂഷന്‍ കേന്ദ്രങ്ങള്‍വരെ കനത്ത ഫീസാണ് ഈടാക്കുന്നത്. ജോലികള്‍ നഷ്ടപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്ക് നിത്യചെലവിന് വരുമാനംപോലുമില്ലാതെ വലയുമ്പോഴാണ് ഓണ്‍ലൈന്‍ പഠനത്തിൻെറ പേരില്‍ കൊള്ളയടിക്കുന്നത്.
സ്വകാര്യ സ്കൂളുകള്‍ കോവിഡ് കാലത്ത് നടത്തുന്ന ക്ലാസുകള്‍ക്കായി അന്യായമായി ഫീസ് ഈടാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.