Tue. Sep 17th, 2024

കാഞ്ഞിരമറ്റം ∙

നീണ്ട കാത്തിരിപ്പിനൊടുവിൽ കുഴിപ്പനം ശുദ്ധജല പദ്ധതി യാഥാർഥ്യത്തിലേക്ക്. പ്രതിസന്ധിയെ തുടർന്നു നിലച്ചുകിടന്ന കുളം നിർമാണം അവസാന ഘട്ടത്തിലെത്തി. മോട്ടർ പുരയുടെ തേപ്പ് ജോലികളാണു ഇപ്പോൾ നടക്കുന്നത്.

വൈദ്യുതി കണക‍്ഷനെടുത്ത് മോട്ടർ സ്ഥാപിക്കുന്നതോടെ പദ്ധതി കമ്മിഷൻ ചെയ്യാൻ കഴിയും. ഇതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ആമ്പല്ലൂർ പഞ്ചായത്തിലെ കുലയറ്റിക്കര നോർത്ത് വാർഡിലെ കുഴിപ്പനം കോളനി നിവാസികളുടെ കാലങ്ങളായുള്ള ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകും.

പട്ടികജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം വകയിരുത്തി 2017 ജൂലൈയിൽ പദ്ധതിയുടെ നിർമാണം തുടങ്ങി. 15000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിച്ചു ടാങ്കിൽ നിന്ന് 250 മീറ്റർ ദൂരത്തിൽ തോട്ടറപുഞ്ച പാടത്തിനോടു ചേർന്നു സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് കുളവും നിർമിക്കാനായിരുന്നു പദ്ധതി.

ടാങ്ക് നിർമാണം പൂർത്തിയാക്കിയ ശേഷമാണു കുളം കുഴിക്കാൻ തുടങ്ങിയത്. 8 മീറ്റർ താഴ്ചയിൽ കുളം കുഴിക്കാനായിരുന്നു  തീരുമാനം. എന്നാൽ 4 മീറ്റർ എത്തിയപ്പോഴേക്കും പാറ കണ്ടതോടെ പദ്ധതി ഇഴഞ്ഞു.

ഒരു തവണ പാറപൊട്ടിച്ച് 5 മീറ്ററോളം താഴ്ത്തിയെങ്കിലും പാറപൊട്ടിക്കുന്നതു വീടിനു കേടുപറ്റുമെന്നു കാണിച്ചു സമീപവാസികോടതിയെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെയും സമീപിച്ചതോടെ നിർമാണം നിലച്ചു. അധികൃതർ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണു നിർമാണം പുനരാരംഭിച്ചത്.

എട്ടര മീറ്ററോളം താഴ്ത്തിയ കുളത്തിൽ വെള്ളം കൂടിയതോടെ വീണ്ടും നിർമാണം തടസ്സപ്പെട്ടെങ്കിലും കുളത്തിലെ വെള്ളം വറ്റിച്ചു 4 മാസം കൊണ്ട് വശങ്ങൾ വശങ്ങൾ കോൺക്രീറ്റ് ചെയ്തു മോട്ടർ പുര നിർമിച്ചു. പദ്ധതിക്കായി വൈദ്യുതി കണക‍്ഷൻ എടുക്കാൻ 2 പോസ്റ്റുകൾ സ്ഥാപിക്കാനുണ്ട്.

10 എച്ച്പി ശേഷിയുള്ള മോട്ടറും സ്ഥാപിക്കണം. ഇതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പദ്ധതി കമ്മിഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണു ജനപ്രതിനിധികൾ.

By Rathi N