Mon. Dec 23rd, 2024

ആലുവ∙

വെറും 2 രൂപയ്ക്ക് ഇനി ഒരു മണിക്കൂർ നഗരത്തിൽ സൈക്കിളിൽ ചുറ്റിയടിക്കാം. ആലുവ മെട്രോ സ്റ്റേഷനോടു ചേർന്നുള്ള ‘മൈ ബൈക്ക്’ റാക്കിൽ ഇതിനായി 12 സൈക്കിളുകൾ എത്തി.

പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ മൈ ബൈക്ക് എന്ന ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം നിശ്ചിത തുക മുൻകൂറായി അടയ്ക്കുന്നവർക്കാണു മണിക്കൂറിനു 2 രൂപ നിരക്കിൽ സൈക്കിൾ ലഭിക്കുക. മെട്രോ യാത്രികർക്കു മാത്രമല്ല, മറ്റുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

നഗരത്തിൽ എവിടെ നിന്ന് ആപ് ഓണാക്കിയാലും ആ ഭാഗത്തെ മൈ ബൈക്ക് റാക്കുകൾ മൊബൈൽ സ്ക്രീനിൽ തെളിയും. തുടർന്നു സൈക്കിളിന്റെ കോഡ് നമ്പർ ലഭിക്കും. ലോക്ക് തനിയെ തുറക്കും.

യാത്ര കഴിഞ്ഞു മൈ ബൈക്കിന്റെ ഏതു റാക്കിലും സൈക്കിൾ ലോക്ക് ചെയ്തു പോകാം. യാത്രാമധ്യേ സൈക്കിളിനു തകരാർ സംഭവിച്ചാൽ അധികൃതരെ അറിയിച്ചാൽ മതി.

മൊബൈലിലൂടെ തന്നെ അതു ലോക്ക് ചെയ്തു വച്ചു മറ്റൊരു സൈക്കിളിൽ യാത്ര തുടരാം. ഒറ്റ ദിവസത്തേക്കു മാത്രമല്ല, ആഴ്ചകളിലേക്കും മാസങ്ങളിലേക്കും നീളുന്ന സൈക്കിൾ ഉപയോഗ പ്ലാനുകളും ആപ്പിൽ ലഭ്യമാണ്.

By Rathi N