Mon. Dec 23rd, 2024

ആലപ്പുഴ:

എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി ചെറുപാലങ്ങളുടെ പൈലിങ്‌, കലുങ്ക്‌–കാന നിർമാണം പുരോഗമിക്കുന്നു. പള്ളിക്കൂട്ടുമ്മ, പാറശേരി പാലം, കിടങ്ങറ ബാസാർ പാലങ്ങളുടെ പൈലിങ്ങാണ്‌ നടക്കുന്നത്‌. നെടുമുടി മാധവശേരി പാലം പൈലിങ്‌ പൂർത്തിയായി.

കളർകോട് പക്കി​ പാലത്തിന്റെ ഒരു പൈലിങ് പൂർത്തിയായി. ഈ പൈലിങ്ങിന്റെ കോൺക്രീറ്റിങ്‌ തിങ്കളാഴ്‌ച നടത്തി. പൊങ്ങയ്‌ക്കും കളർകോടിനും ഇടയിലാണ്‌ കലുങ്ക് നിർമാണം. ഇത്‌ പൂർത്തിയാകാത്തതിനാൽ പൊങ്ങ പാലം പൊളിക്കൽ നീളുകയാണ്‌.

കലുങ്ക് പണി കഴിഞ്ഞാൽ ബുധനാഴ്‌ച പാലം പൊളിച്ചേക്കും. കിടങ്ങറ ഈസ്‌റ്റ്‌ പാലത്തിന്‌ സമീപം, കളർകോട്‌, മനയ്‌ക്കച്ചിറ, പെരുന്ന എന്നിവിടങ്ങളിലാണ്‌ കാന നിർമാണം. കളർകോട്‌ പാലം പൊളിച്ചെങ്കിലും എസി റോഡിലൂടെ വാഹനങ്ങൾ വരുന്നതിന്‌ കുറവില്ല.

പാലം പൊളിച്ചപ്പോൾ തദ്ദേശവാസികൾക്ക്‌ പോകാൻ താൽക്കാലികമായി തയ്യാറാക്കിയ റോഡിലൂടെ വാഹനങ്ങൾ കൂടുതലായി വരുന്നത്‌ ഗതാഗത കുരുക്കുണ്ടാക്കുന്നുണ്ട്‌. ഇതോടെ  പൊലീസ്‌  നിയന്ത്രണങ്ങൾ കർക്കശമാക്കി.

എസി റോഡിലൂടെ ആലപ്പുഴയിൽനിന്ന് പെരുന്നവരെയും തിരിച്ചും പോകേണ്ട വാഹനങ്ങൾക്ക് നിരോധനമുണ്ട്.  വാഹനങ്ങൾ പെരുന്നയിൽനിന്നും കളർകോട്‌ ചങ്ങനാശേരി ജങ്‌ഷനിൽനിന്നും തിരിച്ചുവിടുകയാണ്‌.

കിടങ്ങറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പൂപ്പള്ളിയിൽനിന്ന്‌ തിരിച്ചുവിടുന്നുണ്ട്‌. ഇതിലൂടെ പോകുന്നവർക്ക്‌ വഴി തെറ്റാതിരിക്കാൻ  ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ–ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്‌.

വാഹനങ്ങൾ നിരോധിച്ച്‌‌ കളർകോട്‌ ചങ്ങനാശേരി ജങ്‌ഷനിൽ  വലിയ ബോർഡ്‌ തിങ്കളാഴ്‌ച സ്ഥാപിച്ചു. ഗതാഗത തടസ്സമുള്ളതിനാൽ കെഎസ്‌ആർടിസിയും ജലഗതാഗത വകുപ്പും പ്രത്യേക സർവീസ്‌ നടത്തുന്നുണ്ട്‌.

By Rathi N