പത്തനംതിട്ട:
മുണ്ടക്കയം പഞ്ചായത്തിലെ വെള്ളനാടിയിൽ മണിമലയാർ പുറമ്പോക്കിൽ 50 വർഷമായി താമസിച്ചുവരുന്ന ഭൂരഹിതരെ കുടിയിറക്കാൻ ഹാരിസൺസ് മലയാളം കമ്പനിയുടെ നീക്കം. താമസക്കാരെ കുടിയിറക്കി റബർ നടാനാണ് പദ്ധതി. ആറ്റുപുറമ്പോക്കിൽ താമസിക്കുന്ന 20 കുടുംബങ്ങളെയാണ് കുടിയിറക്കാൻ നീക്കം നടത്തുന്നത്.
2017ൽ താമസക്കാരെ കുടിയിറക്കാൻ കമ്പനി നീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. മണിമലയാറിൻ്റെ തീരത്ത് പൂർണമായും ആറ്റുപുറമ്പോക്കായ ഭൂമിയിൽ ആറിന് അഭിമുഖമായി നിരനിരയായാണ് കുടുംബങ്ങൾ താമസിക്കുന്നത്. ഇവരുടെ താമസസ്ഥലത്തിന് മുന്നിൽ ആറും പിന്നിൽ ഹാരിസൺസ് റബർ എസ്റ്റേറ്റുമാണ്.
കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് പുറമ്പോക്ക് അടക്കം ഭൂമി തങ്ങളുടേതാക്കാനാണ് നീക്കം. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും തങ്ങളെ കുടിയൊഴിപ്പിക്കാൻ കമ്പനിക്കൊപ്പം നിൽക്കുകയാണെന്ന് സമരക്കാർ ആരോപിക്കുന്നു. 2017ൽ കുടിയിറക്കാൻ നടത്തിയ നീക്കത്തിനെതിരെ സ്ഥലം എം എൽ എയായിരുന്ന പി സി ജോർജ് രംഗത്തെത്തിയിരുന്നു.
കുടിയിറക്കുന്നതിനായി ആയുധങ്ങളുമായി ഇറങ്ങിയ ഹാരിസൺസിൻ്റെ തൊഴിലാളികൾക്ക് നേരെ പി സി ജോർജ് തോക്ക് ചൂണ്ടിയെന്ന് ആരോപണമുയർന്നിരുന്നു. തങ്ങളുടെ കിടപ്പാടം കവർന്നെടുക്കാൻ ഹാരിസൺസ് നടത്തുന്ന നീക്കത്തിനെതിരെ 2019 മേയ് മുതൽ മുറികല്ലുംപുറം സമരസമിതി സമരം ചെയ്തു വരുകയാണ്.
ഭൂരഹിതർക്ക് പകരം ഭൂമി നൽകി മണിമലയാറ്റിലെ തീരം കൂടി ഹാരിസൺസിന് നൽകാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. 572.07 ഹെക്ടർ വരുന്നതാണ് മുണ്ടക്കയം തോട്ടം. ലണ്ടൻ ആസ്ഥാനമായ മലയാളം റബർ പ്രൊഡ്യൂസിങ് കമ്പനിയുടെ പേരിലാണ് തോട്ടഭൂമിയെന്നാണ് വില്ലേജ് രേഖകളിലുള്ളത്.
പഴയ ഇംഗ്ലീഷ് കമ്പനികളുടെ കൈവശഭൂമിയുടെ അവകാശം സർക്കാറിനാണെന്ന് കാട്ടി കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പിൽ പുരോഗമിക്കുന്നതിനിടെയാണ് ആറ്റുപുറമ്പോക്കുകൂടി കൈയടക്കാൻ കമ്പനി ശ്രമിക്കുന്നത്.
2017ൽ റീപ്ലാന്റെഷൻ നടക്കും വരെ ആറ്റുതീരത്ത് താമസിക്കുന്നവർക്ക് പ്രശ്നങ്ങൾ ഇല്ലായിരുന്നു. ആറ്റുതീരം കൂടി കൈയേറി റബർ നടാനാണ് ഹാരിസൺസ് ശ്രമിക്കുന്നത്. ആറ്റുപുറമ്പോക്ക് അളന്ന് വേർതിരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. താമസക്കാരുടെ ഭൂമിയിലേക്ക് എത്തുന്നതിന് വഴിത്തർക്കവും ഇവിടെയുണ്ട്.
സർക്കാറും പഞ്ചായത്തും ഹാരിസൺസിനൊപ്പം ആണെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.