കൊച്ചി∙
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ കന്നി സമുദ്ര പരീക്ഷണം വൻ വിജയം. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച സമുദ്ര പരീക്ഷണം പൂർത്തിയാക്കിയ വിക്രാന്ത് ഇന്നലെ വൈകിട്ട് 5.25ന് നിർമാണ കേന്ദ്രമായ കൊച്ചിൻ ഷിപ്‌യാഡിൽ മടങ്ങിയെത്തി.
നിശ്ചയിച്ച സമയത്തിനുള്ളിൽത്തന്നെ കപ്പലിലെ യന്ത്രോപകരണങ്ങളും ആശയവിനിമയോപാധികളും പരിശോധിക്കാനായെന്നും ഇവയുടെ പ്രവർത്തനം തൃപ്തികരമായിരുന്നുവെന്നും നാവികസേനാ അധികൃതർ അറിയിച്ചു. വിമാനവാഹിനി 2022 സെപ്റ്റംബറിനു മുൻപു നാവികസേനയുടെ ഭാഗമാകുമെന്നാണു പ്രതിരോധ വകുപ്പിന്റെ പ്രഖ്യാപനം.
ഇതിനു മുന്നോടിയായി 6 തവണ കൂടി സമുദ്ര പരീക്ഷണങ്ങൾ നടക്കും. കപ്പലിന്റെ പ്രൊപ്പൽഷൻ പ്ലാന്റുകളുടെ പ്രവർത്തനം, കപ്പലിന്റെ പള്ളയിലെ(ഹൾ) ഊർജോൽപാദനത്തിനുള്ളതുൾപ്പെടെ വിവിധ ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയാണ് ആദ്യ ഘട്ടത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കു വിധേയമാക്കിയത്.
മൂന്നു ദിവസങ്ങളിലായി മൂന്നു തരം പരീക്ഷണങ്ങളാണു നടന്നത്. കപ്പലിലെ അത്യാധുനിക നാവിഗേഷൻ, കമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ശേഷിയും കൃത്യതയും പരിശോധിച്ചു. നാവികസേനയുടെ അഞ്ഞൂറും കൊച്ചി ഷിപ്‌യാഡിലെ എഴുനൂറും ഉൾപ്പെടെ 1200 അംഗ ക്രൂ പരീക്ഷണങ്ങളുടെ ഭാഗമായി.
വിക്രാന്ത് കമ്മിഷൻ ചെയ്യുന്നതോടെ ഇന്ത്യ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപന ചെയ്തു നിർമിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. പരീക്ഷണം പൂർത്തിയാക്കി മടങ്ങിയെത്തിയ വിക്രാന്തിനു കൊച്ചിൻ ഷിപ്‌യാഡിൽ ആവേശകരമായ സ്വീകരണം ഒരുക്കി.
പരീക്ഷണത്തിന്റെ അവസാന ദിനം വിമാനവാഹിനിയിലെത്തിയ ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എകെചാവ്‌ലയെ ഷിപ്‌യാഡ് ചെയർമാൻ മധു എസ് നായർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു.
ത്രിവർണ ബലൂണുകൾ പറത്തിയും മധുരം വിതരണം ചെയ്തും ഷിപ്‌യാഡ് ജീവനക്കാർ ആദ്യഘട്ട പരീക്ഷണ വിജയം ആഘോഷമാക്കി. പരീക്ഷണവേളയിൽ ഹെലികോപ്റ്ററുകളുൾപ്പെടെ കപ്പലിൽ ഇറക്കിയതായും പരിശോധന തൃപ്തികരമാണെന്നും എകെ ചാവ്‌ല പറഞ്ഞു.
ബാക്കിയുള്ള സമുദ്ര പരീക്ഷണങ്ങൾ എത്രയും വേഗം പൂർത്തിയാക്കി അടുത്ത വർഷം നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽത്തന്നെ നാവികസേനയ്ക്കു യാനം കൈമാറാനുള്ള ശ്രമമാണു നടത്തുന്നതെന്നു ഷിപ്‌യാഡ് ചെയർമാൻ മധു എസ്നായർ പറഞ്ഞു.