Mon. Dec 23rd, 2024
കാട്ടാക്കട:

മീൻകുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി. ആയിരക്കണക്കിന്‌ മീനുകൾ ചത്തുപൊങ്ങി. 5 ലക്ഷം രൂപയുടെ നാശനഷ്‌ടം. കാട്ടാക്കട ചൂണ്ടുപലക സ്വദേശിയും കൊറിയോ ഗ്രാഫറുമായ ദിലീപ്ഖാനും സഹോദരങ്ങളായ അൻവർഖാനും അൻസർഖാനും ചേർന്ന്‌ നടത്തുന്ന മീൻകുളത്തിലാണ്‌ സാമൂഹ്യവിരുദ്ധർ വിഷം കലക്കിയത്‌.

ശനിയാഴ്ച വൈകുന്നേരമാണ്‌ മീനുകൾ ചത്തുപൊങ്ങുന്നത് കണ്ടത്‌. ആദ്യം കാര്യമാക്കിയില്ല. ഞായാറാഴ്ച മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പരിശോധനയിൽ മീനിൽനിന്നും രക്തം പൊട്ടി ഒലിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന്‌ പൊലീസിനെ വിവരമറിയിച്ചു. ഓണക്കാലത്ത്‌ വിളവെടുക്കാനുള്ള മീനുകളാണ്‌ ചത്തുപൊങ്ങിയതിലധികവും. പരിശോധനയ്‌ക്കായി കുളത്തിലെ വെള്ളത്തിന്റെയും മീനിന്റെയും സാമ്പിൾ ശേഖരിച്ചു. ലോക്‌ഡൗൺ കാലത്ത്‌ ഡാൻസ് , സ്റ്റേജ് പ്രോഗ്രാമുകളും ഇവന്റുകളും ഇല്ലാതായതോടെ ഈ ചെറുപ്പക്കാരുടെ ജീവിതം വഴിമുട്ടിയിരുന്നു.

തുടർന്ന്‌ ഉപജീവനത്തിനായാണ്‌ മീൻകൃഷിയാരംഭിച്ചത്‌. അഞ്ചുലക്ഷത്തോളം മുടക്കി കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് കുറ്റിക്കാട് കുളത്തിന്‌ സമീപം സ്ഥലം പാട്ടത്തിനെടുത്തു. രണ്ടു കുളം കുഴിച്ചു ഫിഷറീസിന്റെ സഹായത്തോടെ മീൻകൃഷിയാരംഭിച്ചു. ഓണക്കാലത്തെ വിളവെടുപ്പിനായി കാത്തിരിക്കുമ്പോഴാണ്‌ കുളത്തിൽ വിഷം കലക്കിയത്‌.

By Divya