ശംഖുംമുഖം:
വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികളിൽനിന്ന് റാപ്പിഡ് ആര് ടി പി സി ആര് പരിശോധനക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ അമിതനിരക്ക് ഈടാക്കുന്നതിൽ പ്രതിഷേധം. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ 2490 രൂപ ഈടാക്കുമ്പോൾ ഇവിടെ വാങ്ങുന്നത് 3400 രൂപയാണ്.
റാപ്പിഡ് ആര് ടി പി ആര് പരിശോധനക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലെന്നതിൻ്റെ മറവിലാണ് പരിശോധനക്ക് കരാര്‍ നേടിയ ഏജന്‍സി യാത്രക്കാരിൽനിന്ന് അമിത തുക വാങ്ങുന്നത്. നിലവില്‍ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് യു എ ഇയിലേക്ക് പോകുന്നതിനെക്കാൾ അധിക ടിക്കറ്റ് നിരക്കാണ് എയര്‍ലൈന്‍സുകള്‍ തിരുവനന്തപുരത്ത് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്.
വിമാനത്താവളത്തില്‍ അടക്കേണ്ട 950 രൂപ യൂസേഴ്സ് ഫീയും ടിക്കറ്റിനോടൊപ്പമാണ് ഈടാക്കുന്നത്. യാത്രക്കാരെ സ്ഥിരമായി പല രീതിയില്‍ കൊള്ളടയിക്കുന്നത് കാരണം നിരവധിപേർ നെടുമ്പാശ്ശേരിയെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്. വ്യാഴാഴ്ചമുതലാണ് ഇന്ത്യയില്‍നിന്ന് യു എ ഇയിലേക്ക് യാത്രാനുമതി കിട്ടിയത്.
ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം ഒഴികെയുള്ള വിമാനത്താവളങ്ങളില്‍നിന്ന് വ്യാഴാഴ്ചതന്നെ വിമാനങ്ങള്‍ യു എ ഇലേക്ക് പറന്ന് തുടങ്ങിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചയോടെയാണ് വിമാനങ്ങള്‍ ദുബൈയിലേക്ക് സർവിസ് തുടങ്ങിയത്. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെടുത്ത ആര് ടിപി സി ആര് സര്‍ട്ടിഫിക്കറ്റിന് പുറമേ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തി റാപ്പിഡ് ആര് ടി പി ആര് പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ഇതിനുശേഷം മാത്രമേ ബോര്‍ഡിങ് പാസ് നല്‍കൂ.
കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ അകപ്പെട്ട പ്രവാസികൾ കാത്തിരിപ്പിനൊടുവിൽ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് വിമാനത്താവളത്തിലെ കോവിഡ് പരിശോധനയുടെ പേരിലുള്ള ചൂഷണം.