Thu. May 2nd, 2024
തോണിക്കടവ്:

മഹാപ്രളയത്തിൽ പമ്പാനദിയുടെ മധ്യത്തിൽ രൂപപ്പെട്ട മണൽ പുറ്റ് തീരങ്ങൾക്ക് ഭീഷണി. പുറ്റിൽ തട്ടി വെള്ളം ഇരുവശങ്ങളിലേക്ക് ഒഴുകുന്നതിനാൽ തീരങ്ങൾ വൻതോതിൽ ഇടിഞ്ഞമരുന്നു. തോണിക്കടവ് ഓർത്തഡോക്സ് പള്ളിക്കു മുന്നിലെ കാഴ്ചയാണിത്. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ പമ്പാനദിയിലൂടെ വൻതോതിൽ ചെളിയും മണലും ഒഴുകിയെത്തിയിരുന്നു. അവ തീരങ്ങൾക്കു പുറമേ നദിയുടെ മധ്യത്തിലും അടിഞ്ഞിട്ടുണ്ട്.

ആറിന്റെ അടിത്തട്ടിൽ ഉറച്ചു നിൽക്കുന്ന മണൽ പുറ്റുകളിൽ പുല്ലുകൾ വളരുകയാണ്. അവ കരയായി മാറാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു താഴെയും അത്തിക്കയത്തിനു മുകളിലുമായി 2 മണൽ പുറ്റുകൾ ഇത്തരത്തിൽ രൂപപ്പെട്ടിരുന്നു. അവ ഇപ്പോൾ കരയായിരിക്കുകയാണ്. തെങ്ങും കമുകും പറങ്കിമാവും ആറിന്റെ മധ്യത്തിൽ വളരുകയാണ്.

വ്യക്തികളുടെ കൈവശത്തിലിരുന്ന സ്ഥലം പിന്നീട് റവന്യു വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതേ സ്ഥിതി തോണിക്കടവ് ഓർത്തഡോക്സ് പള്ളിക്കു മുന്നിലും സംഭവിക്കാം. ഇത് ഒഴിവാക്കാൻ വൻകിട ജലസേചന വിഭാഗം ഇടപെട്ട് പുറ്റുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം. പുറ്റ് നീക്കിയില്ലെങ്കിൽ തീരവാസികൾക്ക് വൻ നഷ്ടം നേരിടും. ഓരോ തവണ ആറ്റിൽ ജലനിരപ്പ് ഉയരുമ്പോഴും തീരം ഇടിയുന്നു. കഴിഞ്ഞ ദിവസം ആറ്റിൽ വെള്ളം ഉയർന്നപ്പോഴും ഇതേ സ്ഥിതി നേരിട്ടിരുന്നു.

By Divya