Wed. May 1st, 2024
കൊച്ചുകരുന്തരുവി:

പൂർണമായി തകർന്ന കിഴക്കേചെമ്മണ്ണ് – കൊച്ചുകരുന്തരുവി റോഡ‍ിലൂടെ യാത്ര കടുത്ത ദുരിതമായി. ഏഴു കിലോമീറ്റർ ദൂരം വരുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് 40 വർഷം ആയി പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർക്ക് അനക്കമില്ല. 1986–ൽ ആണ് 400–ൽ പരം കുടുംബങ്ങളുടെ പ്രധാന യാത്രാമാർഗം ആയ റോഡ് വെട്ടിയത്. എന്നാൽ ഇതിനു ശേഷം ഗതാഗതത്തിന് ഉതകുന്ന തരത്തിൽ നാളിതുവരെ റോഡ് പണിതിട്ടില്ല.

ചെമ്മണ്ണ് മുതൽ കുറെ ഭാഗം മാത്രം ആയിരുന്നു ടാറിങ് . ഇതാകട്ടെ ഇപ്പോൾ ഇളകി മാറി. ചില സ്ഥലങ്ങളിൽ കോൺക്രീറ്റിങ് കാണാം. കിലോമീറ്ററുകൾ ദൂരം ഇപ്പോഴും മൺപാത തന്നെ. കൂടാതെ റോഡിലേക്കു തന്നെ മണ്ണ് ഇടിഞ്ഞു വീണു കിടക്കുന്നതു മൂലം ഓട്ടോറിക്ഷ പോലും കടന്നു പോകുന്നതിനു ബുദ്ധിമുട്ടുന്നു. മണ്ണ് വീണു മൂടി കിടക്കുന്നതു പോലും കാനകൾ അടഞ്ഞു റോഡിൽ വെളളക്കട്ടു രൂപപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇതു വഴി ഒരു സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ റോഡ് തകർന്നതോടെ ബസ് സർവീസ് നിലച്ചു. ജനപ്രതിനിധികളെ നാട്ടുകാർ കാലാകാലങ്ങളായി സമീപിച്ചെങ്കിലും ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ അവഗണനയാണ് . തകർന്ന റോഡിലൂടെ വാഹനം കൊണ്ടു പോകുന്നതിനു ഡ്രൈവർമാർ വിസമ്മതിക്കുന്നതു മൂലം രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

By Divya