Fri. Mar 29th, 2024
ഉദുമ:

സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന നിലയിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആയംകടവ് പാലത്തിലേക്ക് മെക്കാഡം റോഡ് ഒരുങ്ങുന്നു. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി പെരിയ-ആയംകടവ് റോഡിന് 3.24 കോടി രൂപ അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.അത്തിത്തോട്ടടുക്കം മുതല്‍ ദേശീയപാത പെരിയ ജംഗ്ഷൻ വരെയുള്ള റോഡ് മെക്കാഡം ചെയ്‌ത്‌ സൂപ്പറാക്കും.

ഇതോടൊപ്പം പുഴയുടെ ബേഡകം പഞ്ചായത്ത്‌ ഭാഗത്തുള്ള സംരക്ഷണഭിത്തിയും പുതുക്കിപ്പണിയും.പെരിയ ജംഗ്ഷനിൽ നിന്ന് ആയംകടവ് പാലത്തിലേക്കുള്ള രണ്ടര കിലോമീറ്റർ റോഡ് വീതി കുറഞ്ഞതും ഇടുങ്ങിയതുമാണ്. പലയിടങ്ങളിലും ഉയർച്ചതാഴ്‌ചയുള്ള റോഡ്‌ വാഹനയാത്രക്കാര്‍ക്ക് ദുരിതമാണ്.

ഈ ഭാഗം 2015ല്‍ ടാർ ചെയ്തിരുന്നു. പരിപാലന കാലാവധി അഞ്ചുവര്‍ഷമായതിനാല്‍ 2020 വരെ റോഡില്‍ മറ്റു പ്രവൃത്തികൾ പാടില്ലായെന്നാണ് നിബന്ധന. കാലാവധി കഴിഞ്ഞ റോഡ് സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് കൈമാറി.

തുടർന്ന്‌ പൊതുമരാമത്ത് വകുപ്പ്‌ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിച്ച ശേഷം കാസർകോട്‌ പാക്കേജിൽ ഉള്‍പ്പെടുത്തുകയായിരുന്നു.
14 കോടി രൂപ ചെലവില്‍ പാലവും പെര്‍ളടുക്കം മുതല്‍ അത്തിത്തോട്ടടുക്കം വരെ മൂന്നു കിലോമീറ്റർ റോഡും മെക്കാഡം ടാര്‍ ചെയ്തിട്ടുണ്ട്. ആയംകടവ് പാലം വന്നതോടെ പെരിയയിൽ നിന്നും പെര്‍ളടുക്കം, കുണ്ടംകുഴി എന്നിവിടങ്ങളിലെത്താന്‍ 12 കിലോമീറ്റർ ദൂരം കുറഞ്ഞു.

അതിനാൽ വാഹനങ്ങളുടെ തിരക്കും കൂടിയിട്ടുണ്ട്‌. പാലവും പരിസരവും വിനോദസഞ്ചാര കേന്ദ്രമാക്കാൻ ഒരു കോടിയുടെ പദ്ധതിയും പരിഗണനയിലാണ്.