Fri. Mar 29th, 2024
മലപ്പുറം:

കവളപ്പാറ ദുരന്തത്തിന് ഇന്നേക്ക് രണ്ടാണ്ട്. 59 പേരുടെ ജീവനാണ് 2019 ഓഗസ്റ്റ് എട്ടിലെ ദുരന്തത്തിൽ പൊലിഞ്ഞത്. പുനരധിവാസം ഇനിയും പൂർത്തിയായില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ദുരന്തത്തിന് രണ്ട് വർഷം തികയുന്നത്.

മൂന്ന് ദിവസം തോരാതെ പെയ്ത മഴയ്ക്കൊടുവിലാണ് രാത്രിയില്‍ മുത്തപ്പന്‍ കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണത്. കുന്നിന് താഴെയുള്ള 40ലധികം വീടുകള്‍ക്ക് മുകളില്‍ മണ്ണും ചെളിയും പാറയും ചേര്‍‌ന്ന് മറ്റൊരു കുന്ന് രൂപപ്പെട്ടു.സെക്കന്‍റുകള്‍ കൊണ്ട് 59 ജീവനുകളാണ് നഷ്ടമായത്.

പുറം ലോകം ആ ദുരന്തമറിയുന്നത് അപകടം നടന്ന് മണിക്കൂറുകള്‍‌ കഴിഞ്ഞ് മാത്രമാണ്.ദുരന്തത്തിൽ സ്വന്തം വീടും, ഉറ്റവരെയുമെല്ലാം നഷ്ടപ്പെട്ടവർ നിരവധിയാണ്. കവളപ്പാറയുടെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല.

സര്‍ക്കാര്‍ നിരവധി പുനധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ദുരന്തത്തില്‍ ജീവന്‍ മാത്രം ബാക്കിയായവര്‍ പലരും ദുരിതാശ്വാസ ക്യാമ്പിലാണ്.കവളപ്പാറകാർക്ക് മഴ ഇന്നും പേടിയാണ്. മാനമിരുണ്ടാൽ ആശങ്കയാണ്. ജീവിതം ഇന്നും ഭീതിയിൽ തന്നെ.

ദുരന്തം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും കവളപ്പാറയിലെ പുനരധിവാസ പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.ദുരന്തത്തിനിരയായവരും പ്രദേശത്ത് നിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടവരുമടക്കം 108 പേർക്കാണ് സർക്കാർ പുനരധിവാസം നിശ്ചയിച്ചിരുന്നത്. രണ്ട് വർഷത്തിനിപ്പുറവും പുനരധിവാസം പൂർത്തിയായിട്ടില്ല.

ജനറൽ വിഭാഗത്തിൽ പെട്ടവർക്കുള്ള 24 വീടുകളുടെയും ആദിവാസി വിഭാഗങ്ങളിൽ പെട്ടവർക്കുള്ള 32 വീടുകളുടെയും നിർമാണം പാതിവഴിയിലാണ്. എംഎ യൂസഫലിയുടെ നേതൃത്വത്തിൽ നിർമിച്ച 33 വീടുകളിലും സർക്കാർ സഹായത്തോടെ നിർമിച്ച 19 വീടുകളിലുമാണ് നിലവിൽ ദുരന്തബാധിതർ താമസം തുടങ്ങിയത്. ദുരന്തത്തില്‍ തലനാരിഴക്കു രക്ഷപെട്ട ആദിവാസികുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പില്‍ തന്നെയാണ്. അപകട ഭീഷണിയെ തുടര്‍ന്ന് വീട് വിട്ട് പോരേണ്ടി വന്ന 24 കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത വീടുകള്‍ പണി പൂര്‍ത്തിയാക്കി കൊടുത്തിട്ടില്ല.