Thu. Apr 25th, 2024
ശ്രീകണ്ഠപുരം:

നഗരസഭയിൽ ചെമ്പൻതൊട്ടിക്കു അടുത്തുള്ള പള്ളത്തു പൊട്ടിച്ചതിനു ശേഷം 6 വർഷം മുൻപ് ഉപേക്ഷിച്ച കൂറ്റൻ ക്വാറിയിൽ വെള്ളം നിറഞ്ഞ് ഒരു ഭാഗം ഇടിഞ്ഞു. 25 മീറ്ററിലേറെ ഉയരമുള്ള ഭാഗത്തെ കരിങ്കല്ല് ഇടിഞ്ഞു ക്വാറിയിൽ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ വീണതോടെ വെള്ളം പുറത്തേക്കൊഴുകി. സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായ അവസ്ഥയാണ്. 6നു രാത്രി വൈകി ഇടി പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടതായി സ്ഥലവാസികൾ പറഞ്ഞു.

ഇന്നലെ പുലർച്ചെയോടെ രണ്ടാമത്തെ ഇടിച്ചിൽ ഉണ്ടായതായി പറയുന്നു. കൂറ്റൻ പാറക്കെട്ടുകൾ വെള്ളത്തിൽ ഇടിഞ്ഞു വീണ ശബ്ദത്തിൽ പരിസരത്തെ ചില വീടുകളിൽ വിറയൽ അനുഭവപ്പെട്ടു. കാടു കയറിക്കിടക്കുന്ന വിശാലമായ റബർ തോട്ടത്തിനു പിറകിലെ ക്വാറി ആയതിനാൽ രാവിലെ ഇവിടേക്കു പോകാൻ നാട്ടുകാർ ഭയപ്പെട്ടു.

വെള്ളം പുറത്തേക്കു കുത്തിയൊലിച്ചെങ്കിലും ഈ ഭാഗത്തു വീടുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കാടു കയറിയ നിലയിലുള്ള റബർ തോട്ടത്തിൽ കല്ലു തെറിച്ചു കിടക്കുകയാണ്. ഇടിഞ്ഞ ക്വാറിയുടെ പിറകിൽ മറ്റൊരു കൂറ്റൻ ക്വാറി കൂടിയുണ്ട്.

ഇതും വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയിലാണ്. ഈ ക്വാറിയും ഏതു സമയത്തും പൊട്ടാൻ സാധ്യതയുണ്ടെന്നു സ്ഥലത്തെത്തിയ നാട്ടുകാർ പറഞ്ഞു.വിവരമറിഞ്ഞു ശ്രീകണ്ഠപുരം പൊലീസും നഗരസഭ അധികൃതരും സ്ഥലത്തെത്തി.

വെള്ളം നിറഞ്ഞ ക്വാറി പൊട്ടി പുറത്തേക്കു വെള്ളം ഒഴുകുന്നതു തടയാൻ മണ്ണുമാന്തിയന്ത്രം എത്തിച്ചു താൽക്കാലിക വഴി ഉണ്ടാക്കി കുറച്ചു വെള്ളം തോട്ടിലേക്ക് ഒഴുക്കി വിട്ടു. 2 ക്വാറികളിലും ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇരു ക്വാറികൾക്കും ഇടയിൽ ഒരു കരിങ്കൽ ഭിത്തിയാണുള്ളത്.

ഈ ഭിത്തിയുടെ ഒരു ഭാഗത്തെ പാറയാണ് ഇടിഞ്ഞത്. മുകളിലെ ക്വാറിയിൽ വെള്ളം നിറഞ്ഞാൽ ഭിത്തി പൊട്ടി രണ്ടും ഒന്നാകും. അങ്ങനെ സംഭവിക്കുമോ എന്ന ആശങ്കയിലാണു നാട്ടുകാർ.പള്ളത്തു വെള്ളം നിറഞ്ഞു കിടക്കുന്ന ക്വാറി പൊട്ടിയ സംഭവം ഗൗരവമായാണു നഗരസഭ കാണുന്നത്. നിറഞ്ഞു കിടക്കുന്ന ക്വാറിയിലെ വെള്ളം മണ്ണുമാന്തിയന്ത്രം കൊണ്ടു വന്നു നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.