കൊടുങ്ങല്ലൂർ:
പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മൾട്ടിപർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തിൽ അഴീക്കോട് വില്ലേജ് ഓഫീസിന്റെ 20 സെന്റ് സ്ഥലത്താണ് സൈക്ലോൺ ഷെൽട്ടർ ഹോം നിർമിച്ചത്.
പ്രകൃതി ദുരന്തങ്ങളിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് താമസിക്കാനുള്ള താൽക്കാലിക സംവിധാനമാണിത്. ലോക ബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കെട്ടിടം പണിതത്.
തീരദേശത്തെ നിരവധി കുടുംബങ്ങൾക്ക് അത്താണിയാവുന്ന ദുരിതാശ്വാസ കേന്ദ്രം മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റ്, കടലേറ്റം, പ്രളയം എന്നിവയിൽനിന്ന് തീരദേശവാസികളെ എത്രയും വേഗം സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനായാണ് ജില്ലയിലെ ആദ്യ സൈക്ലോൺ ദുരിതാശ്വാസ കേന്ദ്രം ഉയർന്നത്.
അടിയന്തര ഘട്ടങ്ങളിൽ 700 മുതൽ 1000 പേർക്കുവരെ താമസിക്കാം. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി പ്രകാരം സംസ്ഥാന ചുഴലിക്കാറ്റ് പ്രതിരോധ നടത്തിപ്പ് കേന്ദ്രത്തിന്റെ കീഴിലാണ് കേന്ദ്രം സ്ഥാപിച്ചത്.
7500 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലയിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക താമസ സൗകര്യങ്ങൾ, ശുചിമുറികൾ, കുട്ടികൾക്കുള്ള പ്രത്യേക സൗകര്യം, വിശാലമായ പൊതു അടുക്കള, ജനറേറ്ററുകൾ എന്നിവയുണ്ട്.
ശുദ്ധജലം ശേഖരിക്കാൻ 2000 ലിറ്റർ ശേഷിയുള്ള ടാങ്കും മറ്റ് ആവശ്യങ്ങൾക്കുള്ള ജലം ശേഖരിക്കാൻ 8000 ലിറ്ററിന്റെ ടാങ്കും പൂർത്തിയായി. ഫർണിച്ചറുകളും അടുക്കള ഉപകരണങ്ങളും സർക്കാർ ഏജൻസികൾ വഴി ഉടൻ ലഭ്യമാക്കും. 20 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തിനാണ് രൂപകൽപ്പനയും നിർമാണച്ചുമതലയും. ഒമ്പത് ജില്ലകളിലായി 14 ഇടങ്ങളിലാണ് അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഷെൽറ്റർ മാനേജ്മെന്റ് കമ്മിറ്റിക്കാണ് നിയന്ത്രണം. പ്രകൃതിക്ഷോഭമില്ലാത്ത സമയത്ത് കേന്ദ്രങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഈ സമിതികൾക്ക് തീരുമാനിക്കാം.