Mon. Dec 23rd, 2024

തൃപ്പൂണിത്തുറ

കൊവിഡ് പ്രതിസന്ധിയിലും പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള കൊച്ചി മെട്രോ നിർമാണം ദ്രുതഗതിയിൽ. ഈ ഭാഗത്തെ 63 പില്ലറുകളിലും സ്പാനുകളും ഗർഡറുകളും സ്ഥാപിച്ചു കഴിഞ്ഞു.

എസ്എൻ ജംക്‌ഷൻ സ്റ്റേഷനിലെ പ്രധാന ഭാഗത്തെ സിവിൽ ജോലികളിൽ 80% പൂർത്തിയായതായി കെഎംആർഎൽ അധികൃതർ പറഞ്ഞു. റുഫിങ് ഉടൻ തുടങ്ങും. വടക്കേക്കോട്ട സ്റ്റേഷൻ 40% പൂർത്തിയായി.

സിവിൽ ജോലികൾ പൂർത്തിയാകുന്ന ഭാഗങ്ങളിൽ പാളം ഘടിപ്പിക്കുന്ന ജോലികളും പുരോഗമിക്കുന്നു .  25% ഭാഗത്തും പാളം ഘടിപ്പിച്ചു  കഴിഞ്ഞു. ഡിഎംആർസിയുടെ കരാർ അവസാനിച്ചതിനെ തുടർന്ന് ഈ ഭാഗത്തെ നിർമാണം  കെഎംആർഎൽ നേരിട്ടാണ്.

എസ്എൻ ജംക്‌ഷൻ വരെയുള്ള ആദ്യ ഘട്ടം തീർന്ന ശേഷം അടുത്ത ഘട്ടമായ എസ്എൻ ജംക്‌ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ നിർമാണം ആരംഭിക്കും. ഈ ഘട്ടത്തിൽ 1.2 കിലോമീറ്റർ ദൂരത്തേക്കാണ് മെട്രോ റെയിൽ നീട്ടേണ്ടത്.

ഈ ഭാഗത്തു 6.29 ഏക്കർ ഭൂമി ഏറ്റെടുക്കണം. അതിൽ 43 സെന്റ് റെയിൽവേ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ ജില്ലാ ഭരണകൂടം തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇലവൻ വൺ നോട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്.

By Rathi N