തൃശൂർ ∙
കൊവിഡ് പ്രതിസന്ധിക്കിടയിലും ലോകമെമ്പാടും ഒളിംപിക്സ് ആവേശം അലയടിക്കുമ്പോൾ, ജില്ലയുടെ കായികരംഗത്തിന്റെ പ്രതീക്ഷയായ ലാലൂർ ഐഎം വിജയൻ ഇൻഡോർ സ്റ്റേഡിയവും അനുബന്ധ സ്പോർട്സ് കോംപ്ലക്സും പൂർത്തിയാകാൻ 7 മാസം കാത്തിരിക്കണം.
2019 മാർച്ചിൽ ആരംഭിച്ച പദ്ധതി ഈ വർഷം മാർച്ചിൽ പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അടുത്ത ഫെബ്രുവരി വരെ നീണ്ടേക്കുമെന്നാണു കണക്കുകൂട്ടൽ. ലോക്ഡൗണിനെ തുടർന്ന് അതിഥി തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവ് പൂർണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല.
സ്റ്റേഡിയം വരുന്നതിനു മുൻപു സ്ഥലത്തു വർഷങ്ങളോളം തള്ളിയ മാലിന്യം എടുത്തുമാറ്റുന്നതിലും നീന്തൽക്കുളം വരേണ്ട സ്ഥലത്തു നിന്നു മരങ്ങൾ മുറിച്ചു മാറ്റുന്നതിലും താമസം നേരിടുന്നു. ട്രാൻസ്ഫോമറുകളും വൈദ്യുത തൂണുകളും മാറ്റി സ്ഥാപിക്കാനുണ്ട്.
സ്ഥലത്തിന്റെ പിൻവശത്ത് അതിർത്തി നിർണയവും പൂർത്തിയായിട്ടില്ല. ചുറ്റുമതിൽ കെട്ടുന്ന പണി ബാക്കിനിൽക്കുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്കു 46 കോടിയോളം ചെലവു വരുമെന്നാണു കണക്കുകൂട്ടൽ.
നിർമാണത്തിലുണ്ടായ കാലതാമസം ചെലവു വർധിപ്പിക്കാനിടയില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ. 14 ഏക്കറിലായി ഫുട്ബോൾ ഫീൽഡ്, ഇൻഡോർ സ്റ്റേഡിയം, ടെന്നിസ് കോർട്ട്, സ്വിമ്മിങ് പൂൾ, അഡ്മിൻ കെട്ടിടം, പവലിയൻ ഗാലറി എന്നിവയടങ്ങുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.
സ്റ്റേഡിയം നിർമാണം നടക്കുന്ന സ്ഥലത്തെ മാലിന്യം നീക്കാനായി 2 തവണ ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ടു വന്നിട്ടില്ല. മാലിന്യം നീക്കി, നിർമാണം വേഗമാക്കാൻ എന്തു ചെയ്യണമെന്നു തീരുമാനിക്കാനായി മരാമത്ത്, നഗരാസൂത്രണ വകുപ്പുകളിലേക്കു ഫയൽ കൈമാറിയിട്ടുണ്ട്. തീരുമാനമായാൽ അടുത്ത കൗൺസിലിൽ നടപടി ആരംഭിക്കും.