Wed. Jan 22nd, 2025

മൂവാറ്റുപുഴ∙

മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 55–ാം വയസ്സിൽ സിസിക്ക് പിറന്നത് 3 കൺമണികൾ. ഒരു പെണ്ണും രണ്ട് ആണും. മൂവരും അമ്മയോടൊപ്പം സുഖമായിരിക്കുന്നു.

ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ വീട്ടിൽ ജോർജ് ആന്റണിക്കും ഭാര്യ സിസിക്കുമാണ് വിവാഹം കഴിഞ്ഞ് 34 വർഷത്തിനു ശേഷം കുട്ടികൾ പിറന്നത്. മൂന്നു പേർക്കും ശരീരഭാരം ഒന്നര കിലോഗ്രാമിനു മുകളിൽ. 1987 ലാണ് ജോർജും സിസിയും വിവാഹിതരാകുന്നത്.

18 വർഷത്തോളം ഗൾഫിൽ ആയിരുന്നു ജോർജ്. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയിൽ സ്വന്തം ബിസിനസ് ആരംഭിച്ചു. ഇതിനിടയിൽ ഗൾഫിലും നാട്ടിലും ചികിത്സകൾ നടത്തിയെങ്കിലും കുട്ടികൾ ഉണ്ടായില്ല.

കഴിഞ്ഞ ജൂണിൽ നിർത്താതെയുള്ള രക്തസ്രാവം അലട്ടിയപ്പോൾ ഗർഭപാത്രം നീക്കം ചെയ്യാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ചികിത്സ കഴിഞ്ഞപ്പോൾ അവിടത്തെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ എത്തിയത്.

ഇവിടെ ഡോ സബൈൻ ശിവദാസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഒടുവിൽ കഴിഞ്ഞ ജൂലൈ 22ന് ആഗ്രഹം പോലെ സിസി അമ്മയായി.

By Rathi N