കൊടുമൺ:
ആനയടി-കൂടൽ റോഡ് പണി എന്നു തീരുമെന്ന ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണിതുടങ്ങിയിട്ട് മൂന്നര വർഷത്തോളമായി. ഇതിൽ ചന്ദനപ്പള്ളി-കൂടൽ ഭാഗത്തെ പണികളാണ് ഇഴയുന്നത്.
ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിക്കുന്ന ആനയടി-കൂടല്‍ റോഡിന് 110 കോടി രൂപയാണ് നിര്‍മാണ ചെലവ്. 35 കി മീ ദൈർഘ്യമുള്ള റോഡ് അടൂര്‍, കുന്നത്തൂര്‍, മാവേലിക്കര, കോന്നി മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിർമാണത്തിൻെറ ഭാഗമായി പലയിടത്തും കലുങ്കുകളും പാലങ്ങളും പൊളിച്ചത് നാട്ടുകാരെ ദുരിതത്തിലാക്കി.
മെറ്റൽ ഇളകി പലയിടത്തും കുഴി രൂപപ്പെട്ടിട്ടുണ്ട്. പണികൾ പൂർത്തിയായ ഭാഗങ്ങളിൽ ടാറിങ് ഇളകിയും മറ്റുമുള്ള നിരവധി പോരായ്മകൾ നാട്ടുകാർക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. അങ്ങാടിക്കൽ-ചന്ദനപ്പള്ളി റോഡിൽ വലിയ പള്ളിക്ക് സമീപത്തെ പാലത്തിൻെറ നിർമാണജോലി പൂർത്തിയാക്കാൻ സാധിക്കാത്തതുമൂലം നാട്ടുകാർ ദുരിതത്തിലാണിപ്പോൾ.
ആറുമാസം മുമ്പാണ് ആനയടി-കൂടൽ റോഡ് പണിയുടെ ഭാഗമായി പാലം പൊളിച്ചത്. ഇരുകരയെയും ബന്ധിപ്പിക്കാൻ ഇപ്പോൾ കമുകിൻതടി ആണ് ഉപയോഗിക്കുന്നത്. വയോധികർ ഉള്‍പ്പെടെയുള്ളവർക്ക് അപകടഭീഷണിയാണ് ഈ യാത്ര. നിറഞ്ഞുകവിഞ്ഞ് വെള്ളം ഒഴുകുന്ന തോടിൻെറ കുറുകെയാണ് കമുകിൻതടികൊണ്ട് തടിപ്പാലം ഇട്ടിരിക്കുന്നത്.
ഇത് മാറ്റി താൽക്കാലിക പാലം നിർമിക്കാൻ ഒരുമാസം മുമ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടും നടപടിയുണ്ടായില്ല. അങ്ങാടിക്കൽ വടക്ക്, ചന്ദനപ്പള്ളി, അന്തിച്ചന്ത തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ചന്ദനപ്പള്ളി ഭാഗത്തേക്ക് പോകുന്നത് ഇതുവഴിയാണ്. ബാങ്കിലും ആശുപത്രികളിലും മറ്റുമായി പോകുന്ന പ്രായമുള്ളവരുടെ താൽക്കാലിക പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്.
ചന്ദനപ്പള്ളി ഗവ ആശുപത്രിയിൽ വാക്സിനേഷന് പോകുന്നവരാണ് ഇപ്പോൾ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പാലം പൊളിച്ചതോടെ കിലോമീറ്ററുകൾ സഞ്ചരിച്ച് മറ്റ് വഴികളിലൂടെയാണ് വാഹന യാത്രികർ പോകുന്നത്. പാലത്തിൻെറ നിർമാണം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
മൂന്നുതൂണുകളിൽ രണ്ടെണ്ണത്തിൻെറ പണി റോഡു നിരപ്പുവരെ ആയിട്ടുണ്ട്. തോട്ടിലെ തടയണ മഴയിൽ തകർന്ന് പാലത്തിൻെറ തൂണുകൾ നിര്‍മിക്കുന്ന ഭാഗത്ത് മണ്ണും ചളിയും അടിഞ്ഞുകിടക്കയാണ്.