പീരുമേട്:
ഏലപ്പാറ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു സയൻസ് ബാച്ച് അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം ശക്തമാകുന്നു. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ അഭിരുചിക്കിണങ്ങിയ കോഴ്സിന് ചേരാൻ അവസരമില്ലാത്തതിൻെറ നിരാശയിലാണ് കുറെ വിദ്യാർത്ഥികൾ.
പ്ലസ്ടുവിന് ഇഷ്ടപ്പെട്ട കോഴ്സിന് മക്കളെ ചേർക്കാൻ രക്ഷിതാക്കൾക്ക് മറ്റ് പ്രദേശങ്ങളിലെ സ്കൂളുകൾ തേടിപ്പോകണം. ഏലപ്പാറ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു ആരംഭിച്ച് പതിറ്റാണ്ട് പിന്നിട്ടെങ്കിലും സയൻസ് ഗ്രൂപ് അനുവദിക്കാൻ നടപടി ഉണ്ടായിട്ടില്ല. ഏലപ്പാറ, ചെമ്മൺ, ഹെലിബേറിയ, ബൊണാമി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ മറ്റ് സ്ഥലങ്ങളിലെ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്.
കോഴ്സ് ആരംഭിക്കാൻ ആവശ്യമായ ക്ലാസ് മുറികൾ, ലാബ് എന്നിവക്കുള്ള കെട്ടിട സൗകര്യവും സ്കൂളിലുണ്ട്. സയൻസ് ഗ്രൂപ് അനുവദിക്കാൻ ഭൗതികസൗകര്യം ഉണ്ടായിട്ടും സർക്കാർ അനുമതി ലഭിക്കാത്തതാണ് തടസ്സമായി നിൽക്കുന്നത്. ഏലപ്പാറ സ്കൂളിൽ പ്ലസ്ടു സയൻസ് ഗ്രൂപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന് വാഴൂർ സോമൻ എം എൽ എ പരാതി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി.
സ്കൂളിൽ പ്ലസ്ടുവിന് സമയൻസ് ഗ്രൂപ് അനുവദിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും എം എൽ എ അറിയിച്ചു.