കൊച്ചി:
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന പ്രഥമ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിെൻറ സീ ട്രയൽസ് (കടൽപരീക്ഷണം) ആരംഭിച്ചു. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപന ചെയ്ത് കൊച്ചിൻ ഷിപ് യാർഡിൽ നിർമിക്കുന്ന കപ്പലിന്റെ 76 ശതമാനത്തിലധികവും തദ്ദേശീയമായി ഒരുക്കിയതാണ്.
വിക്രാന്ത് നീറ്റിലിറങ്ങുന്നതോടെ തദ്ദേശീയമായി വിമാന വാഹിനി കപ്പലുകൾ നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിക്കും.262 മീറ്റർ നീളവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമുള്ള കപ്പലിൽ 14 ഡെക്കിലായി 2,300 കമ്പാർട്ട്മെൻറുമാണുള്ളത്.
1700 ഓളം ജീവനക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. വനിത ഓഫിസർമാർക്ക് പ്രത്യേക കാബിനുകളുമുണ്ട്. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ എന്നിവക്ക് ഉയർന്ന നിലവാരമുള്ള യന്ത്രവത്കൃത സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്.
ഹെലികോപ്ടറുകളെയും യുദ്ധവിമാനങ്ങളെയും വഹിക്കാൻ ശേഷിയുള്ള ‘വിക്രാന്തി’ന് 28 മൈൽ വേഗവും 18 മൈൽ ക്രൂയിസിങ് വേഗവും 7500 മൈൽ ദൂരം പോകാനുള്ള ശേഷിയുമുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കപ്പൽ സന്ദർശിച്ച് നിർമാണ പുരോഗതി അവലോകനം ചെയ്തിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് കടൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ താമസം നേരിട്ടത്. കന്നി പരീക്ഷണ യാത്രക്കിടെ കപ്പലിെൻറ പ്രകടനം, ഹൾ, പ്രധാന പ്രൊപൽഷൻ, പിജിഡി (ഊർജ ഉൽപാദനവും വിതരണവും),സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.
2003ൽ അനുമതി ലഭിച്ച ഐഎൻഎസ് വിക്രാന്ത് ‘ആത്മ നിർഭർ ഭരത്’ ലേക്കും ‘മേക് ഇൻ ഇന്ത്യ ഇനിേഷ്യറ്റിവ്’ ലേക്കും ഉള്ള ചുവടുവെപ്പിെൻറ ഉത്തമ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
നിർമാണത്തിലൂടെ 2000 കൊച്ചിൻ ഷിപ്യാർഡ് ഉദ്യോഗസ്ഥർക്കും അനുബന്ധ വ്യവസായങ്ങളിൽ ഉള്ള 12,000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ ഉണ്ടായി. 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളാണ് വിമാനവാഹിനിക്കപ്പൽ നിർമിതിയിൽ കാഴ്ചവെച്ചിട്ടുള്ളത്.