Mon. Dec 23rd, 2024
കൊടുമൺ:

കർഷകർക്ക് താങ്ങായി തണലായി പഞ്ചായത്തിലെ ഇക്കോ ഷോപ്പ്. കൊടുമൺ റൈസ് എന്ന കലർപ്പില്ലാത്ത അരി നൽകുന്നതിലൂടെ പ്രശസ്തമായി മാറിയ ഇക്കോ ഷോപ്പ് മരച്ചീനി സംഭരണവും നടത്തി റെക്കോർഡ് ഇടുകയാണ്. ഇതുവരെ 14 ടൺ കപ്പയാണ് ശേഖരിച്ച് വിൽപന നടത്തിയത്.

ഇതുമൂലം വില ഇല്ലാതെയും വിറ്റഴിക്കാൻ കഴിയാതെയും കിടന്നിരുന്ന കർഷകരുടെ കപ്പ കൃഷി പച്ചപിടിച്ചു. 16 പച്ചക്കറികൾക്ക് അടിസ്ഥാന വില നൽകുന്ന സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇക്കോ ഷോപ്പ് മരച്ചീനി സംഭരിക്കുന്നത്. കിലോ ഗ്രാമിന് 6 രൂപയാണ് കർഷകർക്ക് നൽകുന്നത്.

ഒരു രൂപ ഗതാഗത ചെലവും ലഭിക്കും. കൂടാതെ കൃഷി വകുപ്പിൽ നിന്ന് 6 രൂപയും കിലോ ഗ്രാമിന് ലഭിക്കും. അങ്ങനെ കർഷകന് നഷ്ടം ഇല്ലാത്ത രീതിയിൽ 13 രൂപയാണ് ഒരു കിലോ ഗ്രാമിന് ഓരോ കർഷകനും ലഭിക്കുക. ഇക്കോ ഷോപ്പിൽ ഏകദേശം 3 മാസക്കാലം കൊണ്ട് കപ്പ ശേഖരിച്ച് വിൽപന നടത്തുന്നുണ്ട്. 10 രൂപയ്ക്കാണ് വിൽപന.

വിപണിയിൽ 25 മുതൽ 30 രൂപ വരെ വില വരുന്ന കപ്പയാണ് ഉപയോക്താക്കൾക്ക് ആശ്വാസകരമായി 10 രൂപയ്ക്ക് നൽകുന്നത്. ഹോർട്ടികോർപ് വഴിയാണ് ജില്ലയിൽ കൂടുതലായും കർഷകരിൽ നിന്ന് കപ്പ ശേഖരിക്കുന്നത്. ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇക്കോ ഷോപ്പ് പ്രവർത്തിക്കുന്നത്.

ഈ പ്രാവശ്യം കർഷകർ വ്യാപകമായി ആണ് കപ്പ കൃഷി ചെയ്തിരിക്കുന്നത്. കപ്പ കൂടാതെ പച്ചക്കറിയും കർഷകരിൽ നിന്ന് ഷോപ്പ് വഴി ശേഖരിച്ച് ന്യായവിലയ്ക്ക് പൊതുജനങ്ങൾക്ക് വേണ്ടി നൽകുന്നുണ്ട്. കൂടാതെ നാടൻ വിഭവങ്ങളുടെ കലവറ തന്നെ ഒരുക്കിയിട്ടുണ്ട് ഇക്കോ ഷോപ്പ്.

ഓണത്തിന് കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില നൽകി പൊതു വിപണിയിലും വില കുറച്ച് ഉപയോക്താക്കൾക്ക് നൽകാൻ പദ്ധതി ആവിഷ്കരിക്കും എന്ന് ഷോപ്പിന് നേതൃത്വം നൽകുന്ന കൃഷി ഓഫിസർ എസ് ആദില, ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ എൻ സലിം, ഷോപ്പ് മാനേജർ പി കെ അശോകൻ എന്നിവർ പറഞ്ഞു.

By Divya