Mon. Dec 23rd, 2024

ആലപ്പുഴ ∙

അമ്പലപ്പുഴ – എറണാകുളം റെയിൽ‍പാത ഇരട്ടിപ്പിക്കലിന് 853 കോടി രൂപ അനുവദിച്ചതായി എഎം ആരിഫ് എംപി അറിയിച്ചു. ഇക്കാര്യത്തിൽ നേരത്തെ തീരുമാനമായെങ്കിലും തുക അനുവദിച്ചത് ഇപ്പോഴാണ്. ഇനി സ്ഥലമെടുപ്പു നടപടികളിലേക്കു കടക്കാം.

നിർമാണ പ്രവർത്തനങ്ങൾക്ക് ഇനി വേഗം കൂടുമെന്നും എംപി പറഞ്ഞു. റെയിൽവേ മന്ത്രാലയത്തിന്റെ വിഷൻ 2024ൽ ഉൾപ്പെടുന്ന പദ്ധതിയാണിത്. അടുത്ത മാർച്ചിനു മുൻപു സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകിയാൽ 2024 മാർച്ചിനകം നിർമാണം പൂർത്തിയാക്കാമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

എറണാകുളം – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനു സ്ഥലമെടുക്കാൻ എറണാകുളം, ആലപ്പുഴ ജില്ലകളിൽ റവന്യു വകുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, നടപടികൾ പൂർണമായിരുന്നില്ല.

ആലപ്പുഴ ജില്ലയിൽ 32 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. എറണാകുളത്ത് 5.87 ഹെക്ടറും. കോട്ടയം വഴിയുള്ള കായംകുളം – എറണാകുളം പാത ഇരട്ടിപ്പിക്കൽ അവസാനഘട്ടത്തിലാണ്.

ആലപ്പുഴ പാത കൂടി ഇരട്ടിപ്പിക്കുന്നതോടെ ട്രെയിൻ ഗതാഗത സൗകര്യത്തിൽ സംസ്ഥാനത്തിനു വലിയ നേട്ടമാകും.

By Rathi N