Wed. Jan 22nd, 2025
വലിയതുറ:

ബീമാപള്ളി-ചെറിയതുറ എയ്ഡ് പോസ്​റ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിനാൽ പൊലീസുകാര്‍ക്ക്​ ദുരിതം. ടോയ്​ലറ്റ്​ സംവിധാനങ്ങള്‍ പോലും ഇവിടെയില്ല. വലിയതുറ സ്​റ്റേഷനിൽനിന്ന്​ എയ്ഡ് പോസ്​റ്റില്‍ നിയോഗിക്കുന്ന പൊലീസുകാര്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ ഡ്യൂട്ടി എടുക്കണം.

കഴിഞ്ഞദിവസം എയ്ഡ് പോസ്​റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ടോയ്​ലറ്റില്‍ പോകുന്നതിനായി വലിയതുറ സ്​റ്റേഷനില്‍ പോയ സമയത്ത് ശംഖുംമുഖം അസി കമീഷണര്‍ പരിശോധനക്കായി എത്തി. രണ്ട് പേര്‍ വേണ്ട സ്ഥലത്ത് ഒരാള്‍ മാത്രമേ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. ഇല്ലാതിരുന്ന പൊലീസുകാരന് പിന്നീട് മെമ്മോ നല്‍കുന്ന അവസ്ഥയാണുണ്ടായത്.

12 വര്‍ഷം മുമ്പ് ബീമാപള്ളിയില്‍ പൊലീസ് വെടിവെപ്പുണ്ടായതിനെ തുടര്‍ന്നാണ് ബീമാപള്ളിയുടെയും ചെറിയതുറയുടെയും അതിര്‍ത്തിയില്‍ എയ്‌ഡ്‌ പോസ്​റ്റ്​ ആരംഭിച്ചത്. താല്‍ക്കാലിക തൂണുകളില്‍ ഷീറ്റ് വിരിച്ചാണ്​ എയ്ഡ് പോസ്​റ്റ്​ പ്രവര്‍ത്തിക്കുന്നത്.

By Divya