Mon. Dec 23rd, 2024
ചെറുവാണ്ടൂർ:

ഏറ്റുമാനാനൂർ നഗരസഭയിലെയും 3 ഗ്രാമ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പുതിയ ശുദ്ധജല പദ്ധതിയുടെ ആധുനിക ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, കാണക്കാരി, മാഞ്ഞൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കപ്പെടും. പേരൂർ റോഡിൽ നേതാജി നഗർ ഭാഗത്താണു ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നത്. പ്ലാന്റിലേക്കുള്ള പൈപ്പുകളും ഇട്ടു തുടങ്ങി.

ദിവസേന 22 ദശലക്ഷം ലീറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റാണു പദ്ധതിക്കായി നിർമിക്കുന്നത്. ഇതോടനുബന്ധിച്ചു 16 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ജലസംഭരണിയും 20 ലക്ഷം ലീറ്റർ ശേഷിയുള്ള ഭൂതല സംഭരണിയും നിർമിക്കും. ഒരേക്കർ 13 സെന്റ് സ്ഥലമാണു ഇതിനായി ജല അതോറിറ്റി ഏറ്റെടുത്തത്. ഇതു കൂടാതെ അതിരമ്പുഴ റോഡിലെ കോടതിപ്പടിക്കു സമീപം 10 ലീറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ജലസംഭരണിയും കട്ടച്ചിറയിൽ 50,000 ലീറ്റർ ശേഷിയുള്ള സംഭരണിയും നിർമിക്കും.

കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 2019ൽ അനുമതി ലഭിച്ചു. ശുദ്ധജല പദ്ധതിക്കായുള്ള വെള്ളം ലഭ്യമാക്കുന്നതു മീനച്ചിലാറ്റിൽ പൂവത്തുംമൂട്ടിൽ നിർമിച്ചിരിക്കുന്ന കിണറ്റിൽ നിന്നാണ്. പേരൂർ പൂവത്തുംമൂട് ഭാഗത്താണു ജല അതോറിറ്റി 9 മീറ്റർ വ്യാസമുള്ള കിണർ നിർമിച്ചിരിക്കുന്നത്. കിണറ്റിൽ നിന്നു ട്രീറ്റ്മെന്റ് പ്ലാന്റ് വരെ 600 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പുകളാണ് സ്ഥാപിക്കുന്നത്. നഗരസഭ പരിധിയിൽ 132 കിലോമീറ്റർ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിക്കും.

അതിരമ്പുഴയിൽ 28 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ഇടുന്നത് ട്രീറ്റ്മെന്റ് പ്ലാന്റ് മുതൽ കാരിത്താസിൽ നിലവിലുള്ള ഓവർഹെഡ് ജല സംഭരണിയിലേക്കു പുതിയ പൈപ്പുകൾ സ്ഥാപിക്കും. 300 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പുകളാണ് ഇവിടെ സ്ഥാപിക്കുക. കട്ടച്ചിറയിലെ ഓവർഹെഡ് ജലസംഭരണിയിലേക്കു 150 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പുകളും കോടതിപ്പടിയിലെ ഓവർഹെഡ് ജല സംഭരണിയിലേക്ക് 250 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പുകളുമാണു സ്ഥാപിക്കുന്നത്.

“ഏറ്റുമാനൂർ ശുദ്ധജല പദ്ധതി ഡിസംബറിൽ കമ്മിഷൻ ചെയ്യും. പകുതിയിലേറെ പണികൾ പൂർത്തിയായി. കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 93 കോടി 25 ലക്ഷം രൂപ ലഭിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം 2 തവണ ചേർന്നു. 10നു വീണ്ടും യോഗം ചേരും. പട്ടർമഠം ശുദ്ധജല പദ്ധതിയിൽ നിന്നു എല്ലാ പ്രദേശങ്ങളിലേക്കും പൂർണമായും വെള്ളം ലഭിക്കാത്തതിനെ തുടർന്നാണ് പുതിയ പദ്ധതി ആരംഭിച്ചത്.” മന്ത്രി വി എൻ വാസവൻ.

By Divya