Wed. Jan 22nd, 2025

വൈപ്പിൻ∙

ട്രോളിങ്  നിരോധനം കഴിഞ്ഞു കടലിൽ ഇറങ്ങി രണ്ടു ദിവസം പിന്നിടുമ്പോഴും മത്സ്യബന്ധനബോട്ടുകൾക്കു  നിരാശ. വിലയേറിയ  മീനുകൾ കാര്യമായി കിട്ടിത്തുടങ്ങാത്തതും കിട്ടുന്നവയുടെ വില ഇടിഞ്ഞതുമാണു നിരാശയ്ക്കിടയാക്കുന്നത്.

ഇന്നലെ മുനമ്പം  ഹാർബറിൽ ഇരുപതിലേറെ ബോട്ടുകളാണു ചരക്കിറക്കിയത്. പലർക്കും ലഭിച്ചത് ഇടത്തരം വലിപ്പമുള്ള കിളിമീനാണ്. കഴന്തൻ  ചെമ്മീനും കൂന്തലും കുറഞ്ഞ തോതിൽ ലഭിച്ച ബോട്ടുകളും ഉണ്ട്.

എന്നാൽ കിളിമീനിനു തലേ ദിവസത്തേക്കാൾ ഇന്നലെ വിലയിടിഞ്ഞു. ആദ്യദിനം കിലോഗ്രാമിനു 80-90 രൂപയ്ക്കായിരുന്നു കച്ചവടമെങ്കിൽ ഇന്നലെ 50-60 രൂപ നിരക്കിലായിരുന്നു ഇടപാട്. കിളിമീനിൽ ഒരു വിഭാഗം പ്രാദേശിക വിപണിയിലേക്കാണു പോകുന്നത്.

വില ഇടിഞ്ഞ സാഹചര്യത്തിൽ ഇനി ബാക്കിയുള്ളവ പേസ്റ്റ് രൂപത്തിലാക്കാനും മറ്റും ഫാക്ടറികളിലേക്കായിരിക്കും പോകുക. വടക്കൻ മേഖലയിലേക്കു മത്സ്യബന്ധനത്തിനു പോയ ബോട്ടുകളിൽ പലതും വരും ദിവസങ്ങളിലേ ഹാർബറുകളിൽ തിരിച്ചെത്തുകയുള്ളൂ.

ഇന്ധനവില വർധനയടക്കമുള്ള  പ്രശ്നങ്ങൾ മൂലം മത്സ്യബന്ധനച്ചെലവു വർധിച്ച സാഹചര്യത്തിൽ മികച്ച വില കിട്ടുന്ന മീനുകൾ വേണ്ടത്ര ലഭിച്ചാൽ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

By Rathi N