Fri. Nov 22nd, 2024
തളിപ്പറമ്പ്:

ലോക്ഡൗൺ കാലത്തും സർക്കാർ അനുവദിച്ച വ്യാപാരമാണു റബറിന്റേത്. മറ്റ് കടകളെ അപേക്ഷിച്ച് ജനത്തിരക്ക് ഉണ്ടാകില്ലെന്നതിനാൽ സംസ്ഥാനതലത്തിൽ തന്നെ റബർ കടകൾക്കു തുറക്കാൻ ഇളവ് അനുവദിച്ച് ജൂലൈ 7ന് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, പഞ്ചായത്ത്തലത്തിൽ ലോക്ഡൗണുകൾ വന്നപ്പോൾ കഥമാറി.

സർക്കാർ ഉത്തരവിനെ മറികടന്നു പ്രാദേശിക ഭരണാധികാരികളും പൊലീസും ചേർന്ന് റബർ കടകളും അടച്ചതോടെ കർഷകരും റബർ വ്യാപാരികളും പ്രതിസന്ധിയിലായി. പിന്നീട് 15ന് വീണ്ടും റബർ വ്യാപാരത്തിന് ഇളവ് നൽകി സർക്കാർ ഉത്തരവിറക്കിയെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ അത് അറിഞ്ഞ മട്ടില്ല. സർക്കാർ ഉത്തരവിനു മാറ്റം വരുത്തരുതെന്ന നിർദേശവും നടപ്പിലായില്ല.

ഫലത്തിൽ ആഴ്ചയിൽ ഒരു ദിവസം റബർ കട തുറന്നു വാങ്ങി വയ്ക്കുന്ന റബർ ഷീറ്റുകൾ വ്യാപാരികൾക്കു തരംതിരിച്ചു ഫാക്ടറികൾക്കു കൈമാറാൻ സാധിക്കാത്ത അവസ്ഥയായി.
വാങ്ങുന്ന റബർ വിൽക്കാൻ സാധിക്കാത്ത അവസ്ഥ വന്നതോടെ കർഷകരിൽ നിന്നു റബർ വാങ്ങുന്നതിൽ നിന്നു വ്യാപാരികളും പിന്തിരിയുന്ന അവസ്ഥയായി. ഫലത്തിൽ റബർ മേഖല തന്നെ പ്രതിസന്ധിയിലായി.

വേനൽക്കാലത്തു സൂക്ഷിച്ചു വച്ച റബർ മഴക്കാലത്തു വിൽക്കാമെന്ന കർഷകരുടെ മോഹവും ഇതോടെ ഇല്ലാതായിരിക്കുകയാണ്. വ്യാപാരികളി‍ൽ നിന്നു റബർ ലഭിക്കാതെ മിക്ക ഫാക്ടറികളും പ്രതിസന്ധിയിലാണെന്നു റബർ ഡീലേഴ്സ് അസോസിയേഷനും ചൂണ്ടികാട്ടുന്നു.