Wed. Apr 17th, 2024
കടയ്ക്കൽ:

വെള്ളം കിട്ടിയില്ലെങ്കിലും ബിൽ അടയ്ക്കണമെന്നു കാണിച്ചു ജലഅതോറിറ്റിയുടെ നോട്ടിസ്. ചിതറ പഞ്ചായത്തിൽ കണ്ണങ്കോട്, ഐരക്കുഴി പ്രദേശത്തുള്ളവർക്കാണു വെള്ളം എത്തിക്കും മുൻപു ജലഅതോറിറ്റി ബിൽ അയച്ചിരിക്കുന്നത്. മടത്തറ സെക്‌ഷൻ്റെ പരിധിയിൽ വരുന്ന പ്രദേശത്തു പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം കണക്‌ഷൻ നൽകിയതായി രേഖകളിൽ ഉൾപ്പെടുത്തിയതാണു ഗുണഭോക്താക്കൾക്കു ബിൽ കിട്ടാൻ ഇടയാക്കിയത്.

ചിതറ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നാണ് ഇവിടെ വെള്ളം എത്തിക്കേണ്ടത്. ജൽജീവൻ അപേക്ഷ നൽകിയവർക്കു കണക്‌ഷൻ നൽകുന്നതിനായി പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. എന്നാൽ നിലവിൽ ഉള്ളവർക്ക് വെള്ളം എത്തിക്കാൻ കഴിയാത്ത സ്ഥലങ്ങളിലും ജൽജീവൻ പദ്ധതി പ്രകാരം കണക്‌ഷൻ നൽകുന്നതിനു പൈപ്പ് ലൈൻ സ്ഥാപിച്ചു. എന്നാൽ മിക്ക സ്ഥലത്തും വെള്ളം എത്തിക്കാൻ കഴി‍ഞ്ഞില്ല.

ഇതിനു മുൻപ് രേഖകളിൽ നൽകിയെന്നു രേഖപ്പെടുത്തി. പക്ഷെ വെള്ളം ലഭിക്കാത്തവർക്കും ബിൽ എത്തിയതോടെ പരാതിയായി. ചിതറ പഞ്ചായത്തിൽ കണ്ണങ്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നു ജലഅതോറിറ്റി സെക്‌ഷൻ അധികൃതർ അറിയിച്ചു. 10 ദിവസത്തിനകം എത്തിക്കാൻ കഴിമെന്നാണ് പ്രതീക്ഷയെന്നു പറയുന്നു.

എന്നാൽ വെള്ളം നൽകും മുൻപ് ബിൽ നൽകിയതിനെക്കുറിച്ചു വ്യക്തമായ മറുപടി പറയാൻ അധികൃതർ തയാറായില്ല. അനധികൃതമായി എത്തിയ ബിൽ തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഐരക്കുഴി കണ്ണങ്കോട് വിളയിൽ വീട്ടിൽ പ്രസാദിന്റെ നേതൃത്വത്തിൽ മന്ത്രിക്കു പരാതി നൽകി.

By Divya