അടിമാലി:
മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും മൂന്നാറിൽ പകരം സുരക്ഷിത സ്ഥലം കണ്ടെത്താൻ കഴിയാതെവരുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂന്നാർ ഗവ കോളേജ് അടിമാലിയിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന . 1995ലാണ് മൂന്നാറിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങിയത്. മൂന്നാർ-ദേവികുളം റോഡിൽ കോളേജ് പ്രവർത്തനവും തുടങ്ങി.
കോടികൾ മുടക്കി കെട്ടിടങ്ങളും ലൈബ്രറി അടക്കം സംവിധാനങ്ങൾ സ്ഥാപിച്ച് മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഒരുക്കിയെങ്കിലും പരിസ്ഥിതി ലോല പ്രദേശമായ മൂന്നാറിൽ ഓരോ വർഷവുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ഇവയെല്ലാം പാഴാകുകയാണ്. ഏറ്റവും ഒടുവിലായി പ്രകൃതിദുരന്തത്തിൽ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റുകയായിരുന്നു.
ഇതോടെ ഇവിടെ ഇനി കോളേജ് തുടരുന്നത് പ്രായോഗികമല്ലെന്ന് വിദഗ്ധസമിതി കണ്ടെത്തി. ദേവികുളം, ചിത്തിരപുരം എന്നിവിടങ്ങളിലേക്ക് കോളേജ് മാറ്റാൻ ആലോചന നടന്നെങ്കിലും ദുർബല ഭൂപ്രദേശമായതിനാൽ പ്രായോഗികമല്ലെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് അടിമാലിയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയരുന്നത്. നിരവധി പ്രദേശങ്ങളുടെ സംഗമകേന്ദ്രമാണ് അടിമാലി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിമാലിയിൽ ഇല്ല. മൂന്നാർ കോളജിലെ കൂടുതൽ കുട്ടികളും അടിമാലി മേഖലയിൽ നിന്നുള്ളവരാണ്. മൂന്നാറിൻെറ ഭാഗമായ മറയൂരിൽ മറ്റൊരു കോളേജ് ഉള്ളതിനാൽ ഈ കോളേജ് അടിമാലിയിലേക്ക് മാറ്റുകയാണ് പ്രായോഗികമെന്നാണ് വിലയിരുത്തൽ.