Mon. Dec 23rd, 2024
തൃക്കരിപ്പൂർ:

കണ്ടൽ വനങ്ങളുടെ പരിസ്ഥിതി പ്രാധാന്യം വലിയ തോതിലൊന്നും അറിഞ്ഞിട്ടായിരുന്നില്ല, അയാൾ ചേറിലിറങ്ങിയത്. ഉപ്പുവെള്ളം അകറ്റിനിർത്താനും മീനുകൾക്ക് മുട്ടയിടാനും ഇവ അനിവാര്യമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. സ്വന്തം നിലക്ക് ആകാവുന്നത്ര കണ്ടലുകൾ നട്ട് പരിപാലിക്കുകയാണ് ഇടയിലക്കാട് തുരുത്തിലെ മൽസ്യത്തൊഴിലാളി ഒ രാജൻ.

ആയിരം കണ്ടലുകൾ നട്ട് കവ്വായിക്കായലിൽ കണ്ടൽ സമൃദ്ധിയൊരുക്കാനുള്ള ഈ 60 കാര​ൻറെ പരിശ്രമം അവസാന ഘട്ടത്തിലാണ്.
ഇടയിലെക്കാട് തെക്കെ മുനമ്പിന് വടക്കുകിഴക്ക് ഭാഗത്തായി ഒരു കിലോമീറ്റർ നീളത്തിലാണ് കായലോരത്ത് കണ്ടൽ വിത്തുകൾ നട്ടുമുളപ്പിച്ചത്. കായലിൻറെ വിവിധ ഭാഗങ്ങളിൽനിന്നായി ഭ്രാന്തൻ കണ്ടലിൻറെ വിത്തുകൾ ശേഖരിച്ചാണ് പരിസ്ഥിതി ദിനത്തിൽ കണ്ടൽവത്​കരണത്തിന് തുടക്കമിട്ടത്.

നട്ട വിത്തുകൾ ഓളങ്ങളിൽപ്പെട്ട് ഒഴുകിപ്പോകാതിരിക്കാൻ ഓലമടൽ കൊണ്ട് സംരക്ഷണ കവചവുമൊരുക്കി. മത്സ്യബന്ധനത്തിനായി തോണിയിൽ പോകുമ്പോൾ ദിവസവും ഇവയെ പരിപാലിക്കുന്നുമുണ്ട്. 700 കണ്ടലുകൾ നട്ട ശേഷമാണ് കൂടുതൽ കണ്ടലുകൾ നടുന്ന കാര്യം ആലോചിച്ചത്.

ആയിരം കണ്ടലുകൾ എന്ന ലക്ഷ്യം നേടാനായി പ്രദേശത്ത് കണ്ടൽ വനവത്​കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം പ്രവർത്തകരോട് കണ്ടൽ വിത്തുകൾ ആവശ്യപ്പെട്ടു. ഗ്രന്ഥാലയം പ്രവർത്തകരും കണ്ടലുകൾ വെച്ചുപിടിപ്പിക്കുന്ന ഡി നിതിനും ചേർന്ന് രണ്ടുദിവസത്തിനകം ശേഖരിച്ചു നൽകി. കായലിൻറെ പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ ഇനിയും കണ്ടലുകൾ നടാൻതന്നെയാണ് രാജൻറെ തീരുമാനം.