Wed. Jan 22nd, 2025

കാക്കനാട്:

കൗൺസിൽ യോഗങ്ങളെച്ചൊല്ലിയുള്ള ഏറെനാളായുള്ള തർക്കത്തിനൊടുവിൽ തൃക്കാക്കര നഗരസഭയിൽ സംഘർഷം. നഗരസഭാധ്യക്ഷയും പ്രതിപക്ഷ കൗൺസിലർമാരും തമ്മിലുണ്ടായ വാക്​തർക്കത്തിൽ ചെയർപേഴ്സനും മുൻ നഗരസഭ ചെയർപേഴ്സനും പരിക്കേറ്റു.

നഗരസഭാധ്യക്ഷ അജിത തങ്കപ്പനും എൽഡിഎഫ് കൗൺസിലറും കഴിഞ്ഞ ഭരണസമിതിയുടെ അധ്യക്ഷയുമായിരുന്ന ഉഷ പ്രവീണിനുമാണ് പരിക്ക്​. തിങ്കളാഴ്ച അധ്യക്ഷയുടെ ചേംബറിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ തങ്ങളുടെ വാർഡുകളിലെ പദ്ധതികൾ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് കൗൺസിലർമാർ ചേംബറിലേക്ക് കയറുകയായിരുന്നു.

വാദപ്രതിവാദം രൂക്ഷമായതോടെ സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് അജിത പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ എൽഡിഎഫ് അംഗങ്ങളായ അജുന ഹാഷിം സുമയും ഉഷ പ്രവീണും ചേർന്ന് തടയാൻ ശ്രമിച്ചു.

തുടർന്ന് ബലം പ്രയോഗിച്ച് വാതിൽ വലിച്ചു തുറക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പിടിവലിക്കിടെ അജിതക്കും വാതിൽ ശക്തിയായി കൈയിൽ ഇടിച്ചതിനെത്തുടർന്ന് ഉഷക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഉഷയെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓൺലൈൻവഴി കൗൺസിൽ യോഗം ചേർന്നത്. 59 അജണ്ടകളായിരുന്നു യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

യോഗത്തിൽനിന്ന് 18 എൽഡിഎഫ് കൗൺസിലർമാരും കോൺഗ്രസ് എ ഗ്രൂപ്പിലെ ഏതാനും കൗൺസിലർമാരും വിട്ടുനിന്നു. കഴിഞ്ഞ ദിവസം യോഗമിനിറ്റ്​സ്​ ലഭിച്ചപ്പോഴാണ് തങ്ങളുടെ വാർഡുകളിലെ പദ്ധതികൾ പാസാക്കിയിട്ടില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ മനസ്സിലാക്കിയത്.

തുടർന്ന് നഗരസഭയിലെത്തി അധ്യക്ഷയോട് വിശദീകരണം തേടുകയായിരുന്നു. യോഗത്തിൽ പങ്കെടുക്കാതിരുന്നതുകൊണ്ടാണ് പദ്ധതികൾ പാസാക്കാതിരുന്നതെന്നാണ് ഇതുസംബന്ധിച്ച് അധ്യക്ഷ പറഞ്ഞതെന്നും അതേസമയം വിട്ടുനിന്ന കോൺഗ്രസ് കൗൺസിലർമാരുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.

ദേഷ്യപ്പെട്ട് ചേംബറിൽനിന്ന് ഇറങ്ങിപ്പോകുന്നതിനിടെ മുന്നിൽനിന്നിരുന്ന തന്നെ വാതിലിനുനേരെ പിടിച്ച് തള്ളുകയായിരുന്നുവെന്നും പൊലീസിൽ പരാതി നൽകുമെന്നും ഉഷ വ്യക്തമാക്കി.

അതേസമയം പൊതുമരാമത്ത് സ്ഥിരംസമിതിയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് പദ്ധതികൾ ഒഴിവാക്കിയതെന്നും ത​േൻറതടക്കം വാർഡുകളിലെ പദ്ധതികൾ മാറ്റിവെച്ചിട്ടുണ്ടെന്നും ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു.

By Rathi N