കോഴിക്കോട്:
കോഴിക്കോട് തിരുവണ്ണൂരിൽ വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ്. കൊവിൻ സൈറ്റിൽ വാക്സീൻ സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്ത് വിതരണ കേന്ദ്രത്തിലെത്തിയ വീട്ടമ്മയെ അധികൃതർ തിരിച്ചയക്കുകയായിരുന്നു.
പക്ഷെ വൈകീട്ടോടെ വാക്സിൻ സ്വീകരിച്ചതായി മൊബൈൽ സന്ദേശം വന്നു.കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് 55 കിലോമീറ്റർ അകലെ ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിൻ സ്ലോട്ട് ലഭിച്ചത്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി നദീറക്കാണ് ആദ്യ ഡോസ് നിഷേധിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് വീട്ടമ്മ പരാതി നൽകി.
അതേസമയം, കേരളാ അതിർത്തികളിൽ കർണാടക പരിശോധന കർശനമാക്കി. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും അതിർത്തി കടക്കാൻ അനുവദിക്കില്ല. തലപ്പാടിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.