ആലപ്പുഴ:
എ സി റോഡ് നവീകരണത്തിന്റെ ഭാഗമായി കളർകോട് പക്കി പാലം പൊളിച്ചുതുടങ്ങി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലത്തിന് സമീപം താൽക്കാലികമായി നിർമിച്ച റോഡ് തുറന്ന ശേഷമാണ് പൊളിക്കാൻ തുടങ്ങിയത്. ക്രെയിൻ ഉപയോഗിച്ച് കൈവരിയാണ് ആദ്യംപൊളിച്ചത്.
പിന്നാലെ സ്ലാബുകൾ നീക്കം ചെയ്‌തു. പൊളിക്കൽ ചൊവ്വാഴ്‌ചയും തുടരും.തദ്ദേശീയരുടേതടക്കമുള്ള ചെറുവാഹനങ്ങൾ കടത്തിവിടാൻ താൽക്കാലിക റോഡ് പണിതിട്ടുണ്ട്.
തോട്ടിൽ തെങ്ങിൻകുറ്റി ഉറപ്പിച്ചശേഷം ഇരുമ്പ് ഉപയോഗിച്ച് കൂടുതൽ ബലപ്പെടുത്തിയ കട്ടിയുള്ള പ്ലൈവുഡ് നിരത്തിയാണ് റോഡ് നിർമിച്ചത്. ഒരുവാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന താൽക്കാലിക പാതയിൽ വാഹനങ്ങളുടെ തിരക്കുണ്ട്. ഒരുവശത്തെ വാഹനങ്ങൾ കടത്തിവിട്ടശേഷമാണ് മറുഭാഗത്തെ വാഹനങ്ങൾ പോകുന്നത്.
കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരും പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.പുതിയ പാലം നിർമാണത്തിനായി 14 ഗർഡറുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പാലം പൂർണമായി പൊളിച്ച ശേഷം പൈൻ ക്യാപ്പ് ചെയ്‌ത് ഗർഡറുകൾ സ്ഥാപിക്കും.
അടുത്തദിവസം പൊങ്ങ പാലവും പൊളിക്കും. രണ്ടുപാലങ്ങളുടെയും നിർമാണം മൂന്നുമാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു.
കെഎസ്ആർസി അടക്കമുള്ള ദീർഘദൂരസർവീസുകളും ചങ്ങനാശേരി ജങ്ഷനിൽനിന്ന് വഴിതിരിച്ചുവിടുന്നുണ്ട്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അമ്പലപ്പുഴ-എടത്വ-പൊടിയാടി-തിരുവല്ല വഴിയാണ് പോകുന്നത്.
കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയിൽനിന്ന് കളർകോട് വരെയും ചങ്ങനാശേരി ഡിപ്പോയിൽനിന്നുള്ള സർവീസുകൾ കളർകോടുവരെയും ഉണ്ടാകും. പിന്നീട് ആലപ്പുഴ-കളർകോട് ഷട്ടിൽ സർവീസും നടത്തും.
കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി എന്നിവിടങ്ങളിലേക്ക് ആലപ്പുഴ-വണ്ടാനം മെഡിക്കൽ കോളേജ്– എസ്‌എൻ കവല-കഞ്ഞിപ്പാടം-ചമ്പക്കുളം–പൂപ്പള്ളി വഴി സർവീസ് നടത്തും. ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് നേരിട്ട് യാത്ര ചെയ്യേണ്ടവർക്ക് മുഹമ്മ–തണ്ണീർമുക്കം-കുമരകം വഴി കോട്ടയം ബസുകളും ഏർപ്പെടുത്തി.
പൊങ്ങ പാലം കൂടി പൊളിക്കുമ്പോൾ യാത്രാപ്രശ്നം പരിഹരിക്കാൻ കെഎസ്‌ആർടിസി മിനി ബസ് സർവീസ് നടത്തും. പാലം പൊളിക്കുമ്പോൾ പൊങ്ങക്കും കളർകോടിനും ഇടയിലുള്ള നാലുകിലോമീറ്റർ ദൂരത്ത് രണ്ട് ബസ് ഉപയോഗിച്ചാണ് സർവീസ് നടത്തുകയെന്ന് ആലപ്പുഴ എടിഒ വി അശോക്കുമാർ അറിയിച്ചു.