Fri. Nov 22nd, 2024

ആലപ്പുഴ ∙

പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളെ ആദായനികുതി പരിധിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം വന്നതോടെ ക്ഷീരസംഘം പ്രവർത്തകരും കർഷകരും ആശങ്കയിൽ. നിലനിൽപുതന്നെ ബുദ്ധിമുട്ടിലാണ് ഇവർ പറയുന്നു. വാർഷിക വിറ്റുവരവ് 50 ലക്ഷത്തിലധികമുള്ള സംഘങ്ങളിൽനിന്ന് 0.1% നികുതി ഉറവിടത്തിൽത്തന്നെ ഈടാക്കുമെന്നാണ് അറിയിപ്പ്.

ജില്ലയിലെ ഭൂരിഭാഗം ക്ഷീര സംഘങ്ങളും നികുതി പരിധിയിലെത്തും. സംഘങ്ങൾ പാൻകാർഡ് എടുത്തുതുടങ്ങി. ജില്ലയിൽ ആകെ 230 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളാണുള്ളത്.

ഈ സംഘങ്ങളിലൂടെ ഏകദേശം 80,000 ലീറ്റർ പാൽ മിൽമ പ്രതിദിനം സംഭരിക്കുന്നു. ഓരോ സംഘത്തിലും ശരാശരി 347 ലീറ്റർ പാൽ സംഭരിക്കുന്നുണ്ടെന്നു കണക്കാക്കാം. ഇതിൽ 200 മുതൽ 1000 ലീറ്റർ വരെ പാൽ ദിവസവും സംഭരിക്കുന്ന സംഘങ്ങളുണ്ട്.

ഒരു ലീറ്റർ പാൽ 40 രൂപ നിരക്കിൽ സംഭരിക്കുമ്പോൾ 340 ലീറ്റർ പാൽ ദിവസവും അളക്കുന്ന സംഘത്തിൽ പാലിന്റെ വാർഷിക വിറ്റുവരവുതന്നെ 50 ലക്ഷം കടക്കും. ഇതിനു പുറമേ കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വിൽപനയുമുണ്ട്.

ദിവസം 1000 ലീറ്ററിനു മേൽ പാൽ അളക്കുന്നതാണ് കായംകുളത്തെ കാപ്പിൽ ക്ഷീരോൽപാദക സംഘം. ഗോവിന്ദമുട്ടം ക്ഷീരസംഘത്തിൽ ഒരു മാസം 10 ലക്ഷത്തോളം രൂപയുടെ പാൽ വിറ്റുവരവുണ്ട്. 

By Rathi N