Wed. Nov 6th, 2024
തിരുവനന്തപുരം:

കാടുകളുടെ അപ്പൂപ്പൻ, വിഖ്യാത ജാപ്പനീസ് പരിസ്ഥിതി, സസ്യ ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ ഓർമയിൽ എൺപതോളം ‘കുട്ടിക്കാടുകൾ’ കേരളത്തിൽ പച്ചപുതച്ചു വളർന്നുയരുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കേരളത്തിൽ സംഘടിപ്പിച്ച തൻ്റെ 92–ാം പിറന്നാൾ ആഘോഷമാണ് മിയാവാക്കി പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങ്.

2020 ജനുവരി 28 ന് ചാല ഗവ ഗേൾസ് ഹൈസ്കൂളിനകത്തു മിയാവാക്കിയോടുള്ള ആദരസൂചകമായി ഒരു കാടിനു രൂപം നൽകിക്കൊണ്ടായിരുന്നു ഹൃദ്യമായ ആ പിറന്നാൾ ആഘോഷം. കേരള ഡവലപ്മെന്റ് ആൻഡ് സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്ക്) ഏറ്റെടുത്ത പരിസ്ഥിതി പദ്ധതികളിൽ പ്രധാനമാണു മിയാവാക്കി വനവൽക്കരണം. കെ–ഡിസ്കിൻ്റെ ഇതിലെ ആദ്യ സംരംഭമായിരുന്നു ചാല സ്കൂളിലെ കാടു നിർമാണം.

ഇൻവിസ് മൾട്ടിമീഡിയ എന്ന സ്ഥാപനത്തിൻ്റെ സിഎസ്ആർ പ്രവർത്തന ഭാഗമായി ജീവനക്കാരും പരിസ്ഥിതി പ്രവർത്തകരും ചേർന്നു കാടിനുള്ള നിലമൊരുക്കി, നടാനുള്ള തൈകൾ എത്തിച്ചു. വിദ്യാർഥികൾ ആ ചെടികൾ നട്ടു. പരിപാലനം കെ–ഡിസ്ക്കും. 10 സെന്റിൽ 1603 ചെടികളാണ് ഇവിടെ നട്ടിരിക്കുന്നത്.

മിയാവാക്കിയുടെ ശിഷ്യൻ ജപ്പാനിലെ യോക്കോഹാമ നാഷനൽ യൂണിവേഴ്സിറ്റിയിലെ പ്രഫ ഫുജിവാറയെയും മിയാവാക്കിയുടെ പുസ്തക രചനയിലെ പങ്കാളി എൽജീൻ ഒ ബോക്സിനെയും ആ പരിപാടിയിലേക്കു ക്ഷണിച്ചിരുന്നു. അവരാണ് ഉദ്ഘാടനം നിർവഹിച്ചത്. മസ്തിഷ്കാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന മിയാവാക്കി അപ്പൂപ്പൻ ‘സ്കൈപ്പി’ൽ പ്രത്യക്ഷപ്പെട്ടു തന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു.

ഭൂപടത്തിൽ മാത്രം കണ്ടിട്ടുള്ള കേരളത്തിൽ തന്റെ പിറന്നാൾ ഇപ്രകാരം ആഘോഷിക്കുന്നതിൽ അദ്ദേഹം ശരിക്കും അമ്പരന്നു. പൊട്ടിച്ചിരിച്ചും കൈ കൊട്ടിയും കുട്ടികളെപ്പോലെ ആഹ്ലാദിച്ചു. അടുത്ത വർഷം സ്കൈപ്പിൽ വീണ്ടും കാണാമെന്ന് അറിയിച്ചു. പക്ഷേ അനാരോഗ്യം മൂലം അതു നടന്നില്ല.

കഴിഞ്ഞ വർഷം ജപ്പാനിൽ മിയാവാക്കിയുടെ 92–ാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ നിശ്ചയിച്ചിരുന്നു. പക്ഷേ കോവി‍ഡ് പിടിമുറുക്കിയതിനാൽ അതു നടന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതിനാൽ ഈ വർഷത്തെ ആഘോഷവും നടന്നില്ല.

കർശന കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രിയപ്പെട്ടവർക്ക് ഒരു നോക്കു പോലും കാണാനാകാതെ ഒടുവിൽ മിയാവാക്കി വിടവാങ്ങി. വിഖ്യാതമായ ബ്ലൂ പ്ലാനറ്റ് പ്രൈസ് 78 –ാം വയസ്സിൽ ഏറ്റുവാങ്ങി മിയാവാക്കി പറഞ്ഞു, “എനിക്കിനിയും 30 കൊല്ലം കൂടി ജീവിക്കണം. ചെടികൾ നടാൻ. ജീവാരണ്യങ്ങൾ സൃഷ്ടിക്കാൻ. മറ്റൊന്നും എനിക്കു വേണ്ട”. 15 വർഷം അദ്ദേഹം ആ വാക്കു പാലിച്ചു.

By Divya