പന്തളം:
പന്തളത്തിൻെറ മണ്ണിനെ രക്തപങ്കിലമാക്കിയ പൊലീസ് വെടിവെപ്പിന് തിങ്കളാഴ്ച 48 വയസ്സ്. 12 ഔൺസ് റേഷനരി വെട്ടിക്കുറച്ച കെ കരുണാകരൻ സർക്കാറിൻെറ നടപടിക്കെതിരെ ഇടതുപക്ഷം നടത്തിയ സമരത്തിനുനേരെയായിരുന്നു പൊലീസ് വെടിവെച്ചത്. സമരനിരയിൽ ഉണ്ടായിരുന്ന ഭാനു, നാരായണപിള്ള എന്നിവർ രക്തസാക്ഷികളായി.
1973 ആഗസ്റ്റ് രണ്ടിനാണ് പന്തളത്ത് പൊലീസിൻെറ നരനായാട്ട് നടന്നത്. ഭക്ഷ്യക്ഷാമത്തിനെതിരെയുള്ള പ്രതിഷേധം കേരളമൊട്ടുക്ക് ആളിക്കത്തിയ സമരമായിരുന്നു. ഇടതുപക്ഷത്തിൻെറ ശക്തികേന്ദ്രമായിരുന്ന പന്തളത്താണ് അതിൻെറ അലയൊലികൾ ശക്തിപ്രാപിച്ചത്.
ഒരാഴ്ച നീണ്ട സമരംകൊണ്ടും ഫലംകാണാതെ വന്നപ്പോഴാണ് ആഗസ്റ്റ് രണ്ടിന് ഇടതുപക്ഷം കേരളത്തിൽ ബന്ദ് പ്രഖ്യാപിച്ചത്. പന്തളത്ത് സമരം അക്രമാസക്തമാകുമെന്ന് മുന്നിൽകണ്ട് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. തുമ്പമൺ, മുട്ടം, ചേരിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ചെറിയ പ്രകടനം പന്തളം ടൗൺ ലക്ഷ്യമാക്കി നീങ്ങി.
എം സി റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷന് സമീപം അന്നത്തെ പന്തളം എസ് ഐ ആയിരുന്ന ദാസിൻെറ നേതൃത്വത്തിലാണ് പ്രകടനക്കാർക്കുനേരെ വെടിവെച്ചത്. അരക്കുതാഴെ വെടിയേറ്റ ഭാനുവും നാരായണപിള്ളയും ഉൾപ്പെടെ നാലുപേർ റോഡിൽ പിടഞ്ഞുവീണു. നാലുപേരെയും കട്ടിലിൽ കിടത്തി ചുമന്നാണ് പൊലീസ് സ്റ്റേഷനു മുന്നിലെത്തിച്ചത്.
ഒന്നാംപ്രതിയായ ടി കെ ദാനിയേലുൾപ്പെടെ അമ്പതിലധികം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എല്ലാ വർഷവും ആഗസ്റ്റ് രണ്ടിന് പന്തളത്ത് രക്തസാക്ഷി ദിനാചരണം നടത്തുന്നുണ്ട്.