Mon. Dec 23rd, 2024

തൃശൂർ:

വികസന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും എല്ലാവരും ചേർന്ന് നടത്തിയ വലിയ പരിശ്രമത്തിന്റെ ഫലമായാണ് കുതിരാൻ തുരങ്കം തുറന്ന് കൊടുക്കാൻ കഴിഞ്ഞതെന്നും മന്ത്രി കെ രാജൻ. കുതിരാൻ തുരങ്കം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലതുതുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ഇപ്പോൾ സർക്കാരിന് മുന്നിലുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട യോഗം ഉടൻ വിളിച്ചുചേർക്കും.
ഓക്സിജൻ ടാങ്കുകൾ പാലക്കാട്ടുനിന്ന് കടന്നു വരുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിപുലമായ ചർച്ച നടത്തിയിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവർക്കൊപ്പം കുതിരാൻ തുരങ്ക നിർമാണസ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

കലക്ടറുടെ നേതൃത്വത്തിൽ ഇടപെട്ട്‌ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ആഗസ്‌ത്‌ ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌, കലക്ടർ ഹരിത വി കുമാർ, ജില്ലാ പൊലീസ് മേധാവി ആർ ആദിത്യ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ദേശീയപാത കരാർകമ്പനി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി.

മേയർ എം കെ വർഗീസും സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ്‌ കണ്ടംകുളത്തിയും സ്ഥലം സന്ദർശിച്ചു.

By Rathi N