Mon. Dec 23rd, 2024
ആയൂർ:

കെഎസ്ആർടിസി ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ മുടക്കി ജവാഹർ ജംക്‌ഷനിൽ നിർമിച്ച ഗാരേജ് സാമൂഹിക വിരുദ്ധരുടെ താവളമായി. കെഎസ്ആർടിസി ഡിപ്പോ തുടങ്ങുന്നതിനു മുന്നോടിയായാണ് ബ്ലോക്ക് പ‍ഞ്ചായത്തിൽ നിന്നുള്ള 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഗാരേജ്, റോഡ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കിയത്. എന്നാൽ ഡിപ്പോ തുടങ്ങാനുള്ള നടപടി ഫയലുകളിൽ ഒതുങ്ങിയതോടെ ഗാരേജ് നശിച്ചു തുടങ്ങി.

ഇപ്പോൾ ഡിപ്പോയുടെ സ്മാരകമായി തകർന്ന മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ ചുമരുകളുമായി ആയൂരിൽ നിവാസികൾക്കു മുന്നിൽ ചോദ്യചിഹ്നമായി ഗാരേജ് നിൽക്കുന്നു. ഇവിടേക്കുള്ള വഴിയും ഗാരേജിന്റെ പരിസരവും വിജനമായതിനാൽ സാമൂഹിക വിരുദ്ധരുടെ ഇഷ്ടതാവളമാണ് ഇവിടം. സമീപത്തെ വാട്ടർ ടാങ്കിന്റെ പരിസരവും ഇവരുടെ കേന്ദ്രമാണ്. രാത്രി ബൈക്കുകളിലും മറ്റുമായി ഇവിടെ പതിവായി ആളുകൾ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.

കോൺക്രീറ്റ് തൂണുകൾക്കു മുകളിൽ ആസ്ബസ്റ്റോസ് മേഞ്ഞ മേൽക്കൂരയിലെ ഷീറ്റുകൾ പൂർണമായും നശിച്ചു. അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഉപകരണങ്ങൾ സൂക്ഷിക്കാനായി നിർമിച്ച മുറികളുടെ വാതിലുകൾ നശിക്കുകയും ചുവരുകൾ ഇടിയുകയും ചെയ്തു. ദിവസങ്ങൾക്കു മുൻപു ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച സ്ഥലത്തിനു സമീപത്തായാണ് ഗാരേജ്. രാത്രി ഇവിടെ പൊലീസിന്റെ പരിശോധന കർശനമാക്കണമെന്നും നാശത്തിന്റെ വക്കിലായ ഗാരേജിൽ മറ്റേതെങ്കിലും പദ്ധതികൾ തുടങ്ങാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

By Divya