വലിയതുറ:
മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളാകാൻ അനധികൃത ഗുണഭോക്താക്കളുടെ തിരക്ക്. കഴിഞ്ഞദിവസം ബീമാപള്ളിയില്‍ മത്സ്യഭവനില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയുടെ അപേക്ഷ ഫോറം വിതരണത്തില്‍ ഫോറം വാങ്ങാനെത്തിയവരില്‍ അധികംപേരും മത്സ്യബന്ധന മേഖലയുമായി ബന്ധമില്ലാത്തവരാണെന്ന് പൊലീസ് രഹസ്യന്വേഷണ വിഭാഗം കണ്ടെത്തി. ഫോറം വിതരണം ജനങ്ങളുടെ തിരക്ക് കാരണം പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. നിലവില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ കൂടുതലും കയറിപ്പറ്റിയിരിക്കുന്നത് അനധികൃത ഗുണഭോക്താക്കളെന്നാരോപിച്ച് മത്സ്യത്തൊഴിലാളികള്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.
എന്നാലിത് പരിശോധിക്കാതെ പ്രദേശീക രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ച് വീണ്ടും ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേമനിധി ബോര്‍ഡിലെ അംഗത്വമെടുക്കലും പുതുക്കലും കൂടുതല്‍ കര്‍ശനമാക്കുമെന്ന് ബോര്‍ഡ് ജീവനക്കാര്‍ പറയുന്നുണ്ടെങ്കിലും പ്രദേശിക രാഷ്ട്രീയ സ്വാധീനങ്ങളുടെ പിന്‍ബലത്തില്‍ സാമ്പത്തിക ഭദ്രതയുള്ള വമ്പന്മാര് വരെ ക്ഷേമനിധിയില്‍ അംഗങ്ങളാണ്.
അതേസമയം വഴിയോരങ്ങളില്‍ മത്സ്യവില്പന നടത്തി കുടുംബം പോറ്റുന്ന സ്ത്രീകളെ കണ്ടത്തി അവരെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലന്ന ആക്ഷേപം ശക്തമാണ്. 48,762 മത്സ്യബന്ധന തൊഴിലാളികളും 9000 അനുബന്ധ തൊഴിലാളികളുമാണ് ജില്ലയില്‍ ഉള്ളതായി കണക്ക്. ഇതില്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷംപേരും ഇന്ന് പട്ടികക്ക് പുറത്താണ്.
അനധികൃതമായി ക്ഷേമനിധിയില്‍ കയറിപ്പറ്റി ആനൂകൂല്യങ്ങള്‍ കൈക്കലാക്കിയവർക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ തയാറാകണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.