Thu. Dec 19th, 2024

കൊച്ചി

കണ്ടെയ്‌നർ റോ-റോ സർവീസിന്റെ രണ്ടാമത്തെ യാനം ബോൾഗാട്ടി– വില്ലിങ്ടൺ ഐലൻഡ്‌ പാതയിൽ തിങ്കളാഴ്‌ച സർവീസ് ആരംഭിക്കും. എം വി ആദിശങ്കര എന്ന യാനമാണ്‌ സർവീസ്‌ നടത്തുക. നിലവിൽ സി വി രാമൻ എന്ന യാനം ഈ റൂട്ടിൽ സർവീസ്‌ നടത്തുന്നുണ്ട്‌.

രണ്ട്‌ യാനങ്ങളും അരമണിക്കൂർ ഇടവിട്ടാണ്‌ സർവീസ്‌. എം വി ആദിശങ്കര രാവിലെ എട്ടിന്‌ വില്ലിങ്ടൺ ഐലൻഡിൽനിന്നും സി വി രാമൻ രാവിലെ 8.10ന്‌ ബോൾഗാട്ടിയിൽനിന്നും സർവീസ്‌ ആരംഭിക്കും.

ബോൾഗാട്ടിയിൽനിന്ന്‌ -വില്ലിങ്ടൺ ഐലൻഡിലേക്കും തിരിച്ചുമാണ്‌ സർവീസ്‌. നിരക്കുകൾക്ക്‌ മാറ്റമില്ല. ജനങ്ങൾക്ക്‌ 10 രൂപ, മിനി ബസ്‌ ടെമ്പോ ട്രാവലർ ലോഡില്ലാതെ 300 രൂപ, ലോഡിന്‌ 400 രൂപ, ടൂവീലറിന്‌ 30 രൂപ, കാർ, ഓട്ടോറിക്ഷ പാസഞ്ചറിന്‌ ലോഡ്‌ ഇല്ലാതെ 120, ലോഡ്‌ ഉൾപ്പെടെ 150 എന്നിങ്ങനെയാണ്‌ നിരക്ക്‌.

ബോൾഗാട്ടിമുതൽ വല്ലാർപാടം ടെർമിനൽവരെ റോഡുവഴി 16 കിലോമീറ്ററോളമെടുക്കുന്ന യാത്രയ്‌ക്ക് റോ–റോയിൽ ജലപാതയിലൂടെ മൂന്നരക്കിലോമീറ്റർ മതി. നഗരത്തിലൂടെയുള്ള കണ്ടെയ്നർ വാഹനങ്ങളുടെ ഗതാഗതം ഒഴിവാക്കാനും നിലവിലുള്ള ഗതാഗതക്കുരുക്ക്, മലിനീകരണം എന്നിവ ഇതുവഴി കുറയ്‌ക്കാനുമാകും.

നാല്‌ വർഷമായി നിർത്തിവച്ച റോ–റോ സർവീസ്‌ ജനുവരിയിലാണ്‌ പുനരാരംഭിച്ചത്. ഇന്ധനവിലവർധനയെ തുടർന്ന്‌ പല കണ്ടെയ്‌നർ ഡ്രൈവർമാരും നിലവിൽ റോ–റോ സർവീസ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌. 140 ട്രക്കുകൾവരെ ദിവസവും സർവീസ്‌ ഉപയോഗിക്കുന്നു.

ഈ പശ്‌ചാത്തലത്തിലാണ്‌ കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ രണ്ടാമത്തെ സർവീസ്‌ ആരംഭിക്കുന്നത്‌. ഉൾനാടൻ ജലപാത അതോറിറ്റിയുടെ (ഐഡബ്ല്യുഎഐ) ഉടമസ്ഥതയിലുള്ളതാണ്‌ യാനങ്ങൾ.

പൊതുമേഖല സ്ഥാപനമായ കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷനാണ് നടത്തിപ്പ്. യാനങ്ങൾ എത്തുന്ന സമയം അറിയാൻ 98462 11163 എന്ന നമ്പറിൽ ബന്ധപ്പെടാം.

അമ്പത്താറ്‌ മീറ്റർ നീളവും 13.50 മീറ്റർ വീതിയുമുള്ള അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച യാനങ്ങൾ ഓരോന്നും 375 ടൺ ഭാരമുള്ള വാഹനങ്ങൾ വഹിക്കാൻ പ്രാപ്തമാണ്‌. കൊച്ചി കപ്പൽശാലയിൽ ഉണ്ടാക്കിയ ഇവയുടെ നിർമാണച്ചെലവ്‌ 15 കോടി രൂപയാണ്.

By Rathi N