Wed. Jan 22nd, 2025
രാജകുമാരി:

സർക്കാർ തിരിച്ചുപിടിച്ച കയ്യേറ്റഭൂമിയിലെ ബംഗ്ലാവിൻ്റെ മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന ആഡംബര കാർ റവന്യു വകുപ്പിനു തലവേദനയാകുന്നു. ചിന്നക്കനാൽ പാപ്പാത്തിച്ചോല–ഷൺമുഖവിലാസം റോഡിനു സമീപം 2020 ഒക്ടോബറിൽ റവന്യു വകുപ്പ് ഏറ്റെടുത്ത ബംഗ്ലാവിൻ്റെ പോർച്ചിലാണു ലക്ഷങ്ങൾ വില വരുന്ന ബെൻസ് കാർ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. രേഖകളുമായി ഹാജരായി കാർ കൊണ്ടുപോകണമെന്നും അല്ലെങ്കിൽ സർക്കാർ ഭൂമിയിൽ വാഹനം പാർക്ക് ചെയ്തതിനു പിഴയീടാക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും റവന്യു വകുപ്പ് ഉടമയ്ക്കു രേഖാമൂലം അറിയിപ്പു നൽകി.

എന്നാൽ വാഹനം കൊണ്ടുപോകാൻ ഉടമ തയാറായിട്ടില്ല. ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന 27 സെന്റ് ഭൂമിയും റോഡിനു ഇരുവശവുമായുള്ള 1.98 ഹെക്ടർ‌ ഭൂമിയുമാണ് അന്നു റവന്യു വകുപ്പ് ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്. ഭൂമിയേറ്റെടുക്കുന്ന സമയത്തു ബംഗ്ലാവിന്റെ വാതിൽ തുറക്കാനോ കാർ എടുത്തുമാറ്റാനോ ഉടമ തയാറായില്ല. തുടർന്നു റവന്യു അധികൃതർ പുറത്തെ ഗേറ്റ് സീൽ ചെയ്തു മടങ്ങുകയായിരുന്നു.

കയ്യേറ്റ ഭൂമിയിൽ പ്രവർത്തിച്ചിരുന്ന ആനയിറങ്കൽ ക്യാംപ്, കലിപ്സോ ക്യാംപ് എന്നിവ പിന്നീട് വനം വികസന കോർപറേഷനു താൽക്കാലികമായി വിട്ടുനൽകി. ഇവിടങ്ങളിൽ വിനോദസഞ്ചാരികൾക്കു താമസ സൗകര്യമൊരുക്കാനായിരുന്നു കെഎഫ്ഡിസിയുടെ തീരുമാനം. എന്നാൽ ആനയിറങ്കൽ ക്യാംപിന്റെ ഓഫിസും അടുക്കളയും ഉൾപ്പെടെ 5 കെട്ടിടങ്ങൾ ഇതുവരെ തുറക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.

ഒട്ടേറെ പൂട്ടുകളുള്ള സ്റ്റീൽ വാതിലുകൾ മുറിച്ചുനീക്കുന്നതിന് അനുമതി തേടി കെഎഫ്ഡിസി പല തവണ ജില്ലാ ഭരണകൂടത്തിനു കത്തു നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല. സർക്കാർ ഏറ്റെടുത്ത ബംഗ്ലാവിന്റെ മുപ്പതു പൂട്ടുകളുള്ള സ്റ്റീൽ വാതിലും തുറക്കാൻ കഴിഞ്ഞിട്ടില്ല.

By Divya